ദോഹ: ഖത്തർ ലോകകപ്പിൽ ഇനിയുള്ള മത്സരങ്ങൾക്ക് പുതിയ പന്ത്. പോരാട്ടങ്ങൾ ആവേശകരമായ സെമിഫൈനൽ പോരാട്ടങ്ങളിലേയ്ക്ക് കടക്കുന്നതിന് പിന്നാലെ പന്തിലും മാറ്റം വരുത്തിയത്. സെമിഫൈനൽ, ഫൈനൽ മത്സരങ്ങളിൽ ഉപയോഗിക്കുന്ന പുതിയ പന്ത് അഡിഡാസ് അവതരിപ്പിച്ചു. ‘അൽ ഹിം’ എന്നാണ് പേര്. സ്വപ്നം എന്നാണ് ഇതിനർഥം.ഈ ലോകകപ്പിൽ ഇതുവരെ ഉപയോഗിച്ചിരുന്ന പന്തിന് ‘അൽ റിഹ്​ല’ എന്നായിരുന്നു പേര്. ‘യാത്ര’ എന്നാണിതിന് അർഥം. ‘അൽ റിഹ്​ല’ ആയിരുന്നു ഗ്രൂപ് റൗണ്ട്, പ്രീക്വാർട്ടർ, ക്വാർട്ടർ ഫൈനൽ ഉൾപ്പെടെ ഇതുവരെ പൂർത്തിയായ എല്ലാ മത്സരങ്ങൾക്കും ഉപയോഗിച്ചത്. ‘അൽ റിഹ്​ല’യെ പോലെത്തന്നെ ആധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയ പന്തുതന്നെയാണ് അൽ ഹിമും.ഫിഫയുടെ ഔദ്യോഗിക പാർട്‌നർമാരായ അഡിഡാസാണ് ഈ ലോകകപ്പിലെ ബോളുകൾ സപ്ലൈ ചെയ്യുന്നത്. ഫിഫയും അഡിഡാസും തമ്മിലുള്ള ബന്ധത്തിനു 50 വർഷത്തിലേറെ പഴക്കമുണ്ട്. 1970 മുതൽ ലോകകപ്പുകളിലെ ഒഫീഷ്യൽ മാച്ച് ബോളുകൾ നൽകി വരുന്നത് അഡിഡാസാണ്.അകത്തു സെൻസർ ഘടിപ്പിച്ച ഹൈടെക്ക് ബോളുകളാണ് ഈ ലോകകപ്പിലെ മൽസരങ്ങളിൽ ഉപയോഗിക്കുന്നത്. മൽസരങ്ങൾക്കു മുമ്പ് സൈഡ് ലൈൻസിൽ ഇവ ചാർജ് ചെയ്യാൻ കുത്തി വച്ചിരിക്കുന്നതായി നമുക്കു കാണാൻ സാധിക്കും. വളരെയധികം പ്രത്യേകതകളോടു കൂടിയ ബോളാണ് അൽ റിഹ്‌ല.ബോളിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസർ ഉപയോഗിച്ച് അതിന്റെ വേഗത, ദിശ എന്നിവയെല്ലാം അറിയാൻ സാധിക്കും. ബോൾ ട്രാക്കിങിനൊപ്പം വിഎആറിലെ ഓഫ് സൈഡ് കോളുകളിലും ഇതു വളരെ സഹായകരമാണ്.ചെറിയ ഒരു ബാറ്ററിയിലാണ് ബോളിനകത്തെ സെൻസർ പ്രവർത്തിക്കുന്നത്. ആറു മണിക്കൂർ തുടർച്ചയായി ഉപയോഗിക്കാനുള്ള ശേഷിയാണ് ബോളിലെ ബാറ്ററിക്കുള്ളത്. ഉപയോഗിച്ചില്ലെങ്കിൽ 18 ദിവസം വരെ ചാർജ് നിലനിൽക്കുകയും ചെയ്യും.ഇത്തവണത്തെ ലോകകപ്പിനു മുമ്പ് വരെ ഇത്തരമൊരു ഹൈടെക്ക് ബോളിനെക്കുറിച്ച് ആർക്കും അറിയില്ലായിരുന്നു. എന്നാൽ ഈ ബോളിന്റെ വരവ് കളിക്കളത്തിലെ പിഴവുകൾ വളരെയധികം കുറയ്ക്കാൻ മാച്ച് ഒഫീഷ്യലുകളെ സഹായിക്കുന്നുണ്ട്.നേരത്തേ പോർച്ചുഗലും ഉറുഗേയും തമ്മിലുള്ള കളിയിലെ ഒരു ഗോൾ ആരു നേടിയതാണെന്ന കാര്യത്തിൽ വലിയ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. ബ്രൂണോ ഫെർണാണ്ടസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ ഇവരിൽ ആർക്കു ഗോൾ നൽകുമെന്നതായിരുന്നു ചോദ്യം. റൊണാൾഡോയല്ല ബ്രൂണോയാണ് സ്‌കോററെന്ന തീരുമാനത്തിൽ എത്തിച്ചേരാൻ ഒഫീഷ്യലുകളെ സഹായിച്ചത് കളിയിലെ ബോളായിരുന്നു.ആറു വർഷത്തോളം നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണ് കൈൻസോണന്ന കമ്പനി ബോളിൽ ഉപയോഗിക്കുന്ന സെൻസർ നിർമിച്ചത്. ഓരോ ബോളിലും രണ്ടു സെൻസറുകളോടു കൂടിയ ഒരു ഉപകരണമാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടു സെൻസറുകളെയും ലക്ഷ്യം വ്യത്യസ്തമാണ്. ബ്ലൂടൂത്ത്, ജിപിഎസ് എന്നിവയേക്കാൾ കൃത്യതയുള്ള അൾട്രാ വൈഡ് ബാൻഡാണ് (യുഡബ്ല്യുബി) ഒരു സെൻസർ. രണ്ടാമത്തെ സെൻസർ ഒരു ഇനേർഷ്യൽ മെഷർമെന്റ് യൂനിറ്റാണ് (ഐഎംയു). വായുവിൽ ബോളിന്റെ മൂവ്‌മെന്റ് മനസ്സിലാക്കാൻ സഹായിക്കുക ഈ സെൻസറാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!