റിയോ ഡി ജനീറോ: റിയോയിലെ വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്രസീലിനെ തകർത്ത് അർജന്റീന. ഏകപക്ഷീയമായ ഒരു ​ഗേളിനാണ് എതിരാളികളെ അവരുടെ തട്ടകത്തിലെത്തി അർജന്റീന പരാജയപ്പെടുത്തിയത്. ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് അർജന്റീനക്ക് മുന്നിൽ ബ്രസീലിന്റെ ചുവടുകൾ ഇടറിയത്. 63-ാം മിനുറ്റിൽ നിക്കോളാസ് ഒട്ടാമെൻഡിയാണ് അർജന്റീനക്കായി ​ഗോൾ നേടിയത്.ബ്രസീലിൻറെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. കഴിഞ്ഞ മത്സരങ്ങളിൽ യുറുഗ്വെയോടും കൊളംബിയയോടും ബ്രസീൽ തോറ്റിരുന്നു. അതേസമയം യുറുഗ്വെയോട് തോറ്റ അർജൻറീന ബ്രസീലിനെതിരായ മത്സരത്തോടെ വിജയവഴിയിൽ തിരിച്ചെത്തി. ഒരിടവേളയ്‌ക്ക് ശേഷം ലാറ്റിനമേരിക്കൻ വമ്പൻമാർ നേർക്കുനേർ വന്നത്. സ്വന്തം കാണികൾക്ക് മുന്നിൽ വിനീഷ്യസ് ജൂനിയറിന് ഇറങ്ങാനാവാതെ വന്നപ്പോൾ പരിക്ക് മാറി ഗബ്രിയേൽ ജെസ്യൂസ് ബ്രസീലിൻറെ സ്റ്റാർട്ടിംഗ് ഇലവനിലേക്ക് മടങ്ങിവന്നു. ഗ്യാലറിയിലെ ആരാധകരുടെ കൂട്ടയടി കാരണം വൈകിയാരംഭിച്ച മത്സരത്തിൽ മൈതാനവും തീപിടിച്ചു. ബ്രസീൽ-അർജൻറീന താരങ്ങൾ പലതവണ മൈതാനത്ത് മുഖാമുഖം വന്നു. അർജൻറീനയുടെ ലിയോണൽ മെസിയും ബ്രസീലിൻറെ റോഡ്രിഗോയും കൊമ്പുകോർത്തു. കളി പരുക്കനായി തുടർന്നതോടെ ബ്രസീലിയൻ താരങ്ങൾക്ക് നേർക്ക് മൂന്ന് മഞ്ഞക്കാർഡുകൾ ആദ്യ പകുതിയിൽ തന്നയെത്തി. ഒടുവിൽ ആദ്യപകുതി പിരിയുമ്പോൾ ഇരു ടീമും വല ചലിപ്പിക്കാൻ മറന്നു. നിർണായകമായ ഫ്രീകിക്കുകളിൽ ലക്ഷ്യത്തിലേക്ക് നിറയൊഴിക്കാനായില്ല.

മാർക്വീഞ്ഞോസിന് പകരം നിനോയെ ഇറക്കിയാണ് ബ്രസീൽ രണ്ടാം പകുതി തുടങ്ങിയത്. എന്നാൽ 63-ാം മിനുറ്റിൽ എത്തിയ കോർണർ കിക്ക് അർജൻറീനയ്‌ക്ക് ആശ്വാസ ഗോളും ബ്രസീലിന് നെഞ്ചിടിപ്പുമൊരുക്കി. ലോ സെൽസോ എടുത്ത കോർണറിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന ഒട്ടാമെൻഡി ഉയർന്ന് ചാടി തലകൊണ്ട് ബ്രസീലിയൻ ഗോളി അലിസൻ ബെക്കറിനെ മറികടന്ന് വല ചലിപ്പിക്കുകയായിരുന്നു. 81-ാം മിനുറ്റിൽ ജോലിൻടൺ ചുവപ്പ് കാർഡ് കണ്ടതോടെ ബ്രസീൽ കൂടുതൽ പരുങ്ങലിലായി. പിന്നീട് മടക്ക ഗോളിനുള്ള കരുത്ത് സ്വന്തം കാണികൾക്ക് മുന്നിലും ബ്രസീലിനുണ്ടായിരുന്നില്ല.ബ്രസീൽ: ഗബ്രിയേൽ ജെസ്യൂസ്, റഫീഞ്ഞ, റോഡ്രിഗോ, ഗബ്രിയേൽ മാർട്ടിനെല്ലി, ആന്ദ്രേ നെറ്റോ, ബ്രൂണോ ഗ്വിമാറസ്, എമേഴ്‌സൺ റോയൽ, മാർക്വീഞ്ഞോസ്, ഗബ്രിയേൽ മഗാൽഹോസ്, കാർലോസ് അഗസ്റ്റോ, അലിസൺ ബെക്കർ.അർജൻറീന: ജൂലിയൻ ആൽവാരസ്, ലിയോണൽ മെസി, അലെക്‌സിസ് മാക് അലിസ്റ്റർ, റോഡ്രിഗോ ഡീ പോൾ, എൻസോ ഫെർണാണ്ടസ്, ലോ സെൽസോ, മാർക്കസ് അക്യൂന, നിക്കോളാസ് ഒട്ടാമെൻഡി, ക്രിസ്റ്റ്യൻ റൊമീറോ, നഹ്വൽ മൊളീന, എമി മാർട്ടിനസ്.അതേസമയം, മത്സരം തുടങ്ങിയത് നിശ്ചയിച്ചതിലും അര മണിക്കൂർ വൈകിയാണ്. മത്സരത്തിന് തൊട്ടുമുമ്പ് ​ഗാലറിയിൽ ഇരു ടീമുകളുടെയും ആരാധകർ തമ്മിൽ സംഘർഷമുണ്ടായതോടെയാണ് മത്സരം തുടങ്ങാൻ വൈകിയത്. ഇരുടീമുകളും ​ഗ്രൗണ്ടിൽ എത്തിയതിന് പിന്നാലെയാണ് ​ഗാലറിയിൽ അടി തുടങ്ങിയത്.അർജന്റീന ആരാധകർക്ക് നേരെ സുരക്ഷാ ഉദ്യോ​ഗസ്ഥർ ആക്രമണം നടത്തിയതോടെ ലയണൽ മെസ്സിയും സംഘവും ​​ഗ്രൗണ്ട് വിട്ടു. സുരക്ഷാ ഉദ്യോ​ഗസ്ഥർക്കെതിരെ അർജന്റീനൻ ​ഗോൾകീപ്പർ എമിലിയാനോ മാർട്ടിനൻസിന്റെ രോക്ഷവും ഉണ്ടായി. പൊലീസ് സംഘം സമാധാന അന്തരീക്ഷം പുഃനസ്ഥാപിച്ചതിന് ശേഷമാണ് മത്സരം തുടങ്ങിയത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!