തിരുവനന്തപുരം: വിവാ​ഹത്തിന് തൊട്ടുമുമ്പ് വിവാഹ തട്ടിപ്പുകാരിയായ രേഷ്മ കുടുങ്ങിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിശ്രുത വരനായ പഞ്ചായത്ത് മെമ്പറുടെ സുഹൃത്തിന്റെ ഭാര്യയുടെ സംശയമാണ് എറണാകുളം കാഞ്ഞിരമറ്റം സ്വദേശിനി രേഷ്മ ചന്ദ്രശേഖരനെ കുടുക്കിയത്. ആര്യനാട്ടുള്ള പഞ്ചായത്ത് മെമ്പറെ വിവാഹം കഴിച്ചാൽ തൊട്ടടുത്ത ദിവസം തന്നെ സ്ഥലംവിടാനായിരുന്നു രേഷ്മയുടെ പദ്ധതി. വിവാഹ പിറ്റേന്ന് പുസ്തകം വാങ്ങാൻ തൊടുപുഴയിൽ പോകണമെന്നും രേഷ്മ പഞ്ചായത്ത് മെമ്പറോട് പറഞ്ഞിരുന്നു. എന്നാൽ, രേഷ്മയെ കണ്ടതോടെ പഞ്ചായത്ത് മെമ്പറുടെ സുഹൃത്തിന്റെ ഭാര്യക്ക് വശപ്പിശക് മണത്തു.സംസ്കൃതത്തിൽ പിഎച്ച്ഡി ചെയ്യുന്നു എന്നാണ് രേഷ്മ പഞ്ചായത്ത് മെമ്പറെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. ജൂൺ ആറിന് വിവാഹത്തിനും സമ്മതിച്ചു. ആദ്യവിവാഹമെന്നാണ് പറഞ്ഞിരുന്നത്. അഞ്ചാം തീയതി വൈകിട്ട് തിരുവനന്തപുരത്ത് വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെ യുവതിയുടെ പെരുമാറ്റത്തിൽ സുഹൃത്തിൻ്റെ ഭാര്യയ്ക്ക് അസ്വാഭാവികത തോന്നുകയായിരുന്നു. തുടർന്നാണ് വിവാഹം നടക്കാനിരുന്ന ദിവസം രാവിലെ രേഷ്മയുടെ ബാഗ് പരിശോധിച്ചതും പൊലീസിൽ പരാതി നൽകിയതും. രേഷ്മ മുമ്പ് വിവാഹം കഴിച്ചതിന്റെ രേഖകൾ ബാ​ഗിലുണ്ടായിരുന്നു. 10 പേരെ രേഷ്മ വിവാഹം ചെയ്തതായും നാല് പേരെ വഞ്ചിക്കാൻ പദ്ധതിയിട്ടിരുന്നതായുമാണ് പഞ്ചായത്ത് അംഗം പൊലീസിനെ ഉദ്ധരിച്ച് ആരോപിക്കുന്നത്.എന്നാൽ, തട്ടിപ്പല്ല, സ്നേഹം തേടിയാണ് താൻ ഇത്രയേറെ വിവാഹങ്ങൾ ചെയ്തത് എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ഇതുവരെ ആറുപേരെ മാത്രമാണ് താൻ വിവാഹം കഴിച്ചത് എന്നാണ് രേഷ്മ പൊലീസിനോട് പറഞ്ഞത്. സ്നേഹം തേടിയാണ് തുടരെ തുടരെ വിവാഹം കഴിച്ചതെന്നും രേഷ്മ പൊലീസിന് മൊഴി നൽകി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സ്വർണവും പണവും തട്ടലായിരുന്നു ലക്ഷ്യമെന്നാണ് പൊലീസ് സംശയിക്കുന്നത്. വിവാഹത്തട്ടിപ്പിനിരയായവരെ കണ്ടെത്തി വിവരം തേടാനുള്ള ശ്രമത്തിലാണ് പൊലീസ്. നാണക്കേട് കാരണാമാകും തട്ടിപ്പിനിരയായവർ വിവരം പുറത്ത് അറിയിക്കാതിരുന്നതെന്നാണ് സംശയം.വിവിധ ജില്ലകളിലെ പുരുഷന്മാരാണ് രേഷ്മയുടെ തട്ടിപ്പിന് ഇരകളായത്. ഓൺലൈനിൽ വിവാഹപ്പരസ്യം നൽകിയാണ് യുവതി തട്ടിപ്പ് നടത്തിയിരുന്നത്. പരസ്യം കണ്ട് ബന്ധപ്പെടുന്ന പുരുഷന്മാരോട് സിനിമകഥകളെ പോലും വെല്ലുന്ന കഥകൾ പറഞ്ഞാണ് ഇവർ വശത്താക്കുന്നത്. തുടർന്ന് പുരുഷന്മാർ തന്നെ മുൻകൈയെടുത്ത് വിവാഹം നടത്തുകയും വിവാഹത്തിന് പിന്നാലെ കയ്യിൽകിട്ടുന്നതുമായി സ്ഥലംവിടുന്നതുമായിരുന്നു രേഷ്മയുടെ രീതി.കഴിഞ്ഞ ദിവസം മറ്റൊരു വിവാഹത്തിന് തൊട്ടുമുമ്പാണ് രേഷ്മ കുടുങ്ങിയത്. തിരുവനന്തപുരത്തെ ഒരു ​ഗ്രാമപഞ്ചായത്ത് അം​ഗമായിരുന്നു ഇക്കുറി രേഷ്മയുടെ ഇര. എന്നാൽ, പ്രതിശ്രുത വരന് തോന്നിയ സംശയത്തിന്റെ പേരിൽ നടത്തിയ അന്വേഷണമാണ് വധുവിന് വിനയായത്. രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നിന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയതെന്നും അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രേഷ്മയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നു പ്രതിശ്രുത വരനും ബന്ധുവും ചേർന്ന് ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.വിവാഹത്തിനു മുന്നോടിയായി രേഷ്മ ബ്യൂട്ടിപാർലറിൽ കയറിയ സമയത്ത് നടത്തിയ പരിശോധനയിൽ മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ അടക്കം കണ്ടെടുത്തു. വിവാഹപ്പരസ്യം നൽകുന്ന ഗ്രൂപ്പിൽ പഞ്ചായത്ത് അംഗം റജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് മേയ് 29ന് ആണ് ആദ്യം കോൾ വന്നത്. യുവതിയുടെ അമ്മയാണെന്നു പരിചയപ്പെടുത്തിയ സ്ത്രീ രേഷ്മയുടെ ഫോൺ നമ്പർ യുവാവിന് കൈമാറി. തുടർന്ന് ഇവർ പരസ്പരം സംസാരിച്ചു. ഇക്കഴിഞ്ഞ 4ന് കോട്ടയത്ത് മാളിൽ ഇരുവരും പരസ്പരം കണ്ടു. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മയ്ക്കു താൽപര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതോടെ വിവാഹം ഇന്നലെ നടത്താമെന്ന് യുവാവ് ഉറപ്പു നൽകുകയായിരുന്നു.

By Pc News

One thought on “രേഷ്മക്ക് വിനയായത് പ്രതിശ്രുത വരന്റെ സുഹൃത്തിന്റെ ഭാര്യയുടെ സംശയം”
  1. ഈ സംഭവത്തിൽ നിരവധി വിവരങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. രേഷ്മയുടെ ക്രിയകൾ വളരെ സൂക്ഷ്മമായും സംവിധാനപരമായും തോന്നുന്നു. അവൾ മുമ്പ് ചെയ്ത വിവാഹങ്ങളുടെ രേഖകൾ ബാഗിൽ വെച്ചിരുന്നത് കണ്ടപ്പോൾ എനിക്ക് ഒരു സംശയമുണ്ടായി. അവൾ ആദ്യമേ സ്വർണവും പണവും തട്ടാൻ ഉദ്ദേശിച്ചിരുന്നോ? എന്നാൽ, അവൾ സ്നേഹം തേടിയാണ് വിവാഹം കഴിച്ചതെന്ന് പറയുന്നതിന് വിശ്വസനീയത ഉണ്ടോ? ഒരുപക്ഷേ, അവളുടെ ജീവിതത്തിൽ എന്തോ കഠിനമായ സാഹചര്യങ്ങൾ ഉണ്ടായിരിക്കാം എന്ന് ചിന്തിക്കാൻ എനിക്ക് തോന്നുന്നു. എന്നാൽ, ഇത്രയും പുരുഷന്മാരെ തട്ടിപ്പ് ചെയ്യുന്നത് എങ്ങനെ സാധ്യമായി? ഈ വിഷയത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ എനിക്ക് ആഗ്രഹമുണ്ട്. നിങ്ങൾക്ക് ഇതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!