കോഴിക്കോട്: ലക്ഷദ്വീപ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് വലിയ ആശ്വാസവാർത്ത. ദ്വീപ് ഭരണകൂടം യാത്രാ നിബന്ധനകളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഇനി യാത്ര കൂടുതൽ ലളിതവും സൗകര്യപ്രദവുമായിരിക്കുകയാണ്. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും (PCC), പ്രാദേശിക സ്പോൺസറും ഇനി നിർബന്ധമല്ലെന്നതാണ് പ്രധാന മാറ്റം.1967 മുതൽ നിലനിന്നിരുന്ന പിസിസി വ്യവസ്ഥ ഒഴിവാക്കിയത് വിനോദസഞ്ചാരമേഖലക്ക് വലിയ ഉത്തേജനമാകും. മുമ്പ് നാട്ടിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്ന സർട്ടിഫിക്കറ്റ് നേടാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. കൂടാതെ ദ്വീപിലെ ഒരു സ്പോൺസറുടെ പിന്തുണയും ആവശ്യമായിരുന്നു. ഈ രണ്ട് കടമ്പകളും നീക്കം ചെയ്തതോടെ ഇനി ടൂറിസ്റ്റുകൾക്ക് ഓൺലൈൻ പോർട്ടൽ വഴി നേരിട്ട് പെർമിറ്റിന് അപേക്ഷിക്കാം.പുതിയ പരിഷ്കാരം അനുസരിച്ച്ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖയും താമസ സൗകര്യങ്ങളുടെ ബുക്കിംഗ് വിവരങ്ങളും നൽകിയാൽ പെർമിറ്റ് ലഭിക്കും. ഒരേ അപേക്ഷയിൽ ആറുപേർ വരെ ഉൾപ്പെടുത്താം. അപേക്ഷാ ഫീസായി ഒരാൾക്ക് 50 രൂപയും, ഹെറിറ്റേജ് ഫീസായി മുതിർന്നവർക്ക് 200 രൂപയും 12 മുതൽ 18 വയസ്സ് വരെയുള്ളവർക്ക് 100 രൂപയും ഈടാക്കും.ഇതിനൊപ്പം ദ്വീപുകൾ തമ്മിലുള്ള ഗതാഗതം മെച്ചപ്പെടുത്താൻ സീപ്ലെയിൻ സർവീസിനും അനുമതി നൽകിയിട്ടുണ്ട്. രാജ്യത്ത് തന്നെ വിപുലമായ റൂട്ടുകളോടെ പ്രവർത്തിക്കുന്ന ആദ്യ സീപ്ലെയിൻ സർവീസിന് ലക്ഷദ്വീപിൽ തുടക്കമാകുന്നു. കൊച്ചിയിൽ നിന്ന് വിവിധ ദ്വീപുകളിലേക്ക് 19 സീറ്റർ വിമാനങ്ങളാണ് സർവീസ് നടത്താൻ പദ്ധതിയിടുന്നത്.ബംഗാരം, അഗത്തി, കവരത്തി തുടങ്ങിയ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുകയാണ് ഈ പരിഷ്കാരങ്ങളുടെ ലക്ഷ്യം. രാജ്യാന്തര നിലവാരത്തിലേക്ക് വിനോദസഞ്ചാര മേഖലയെ ഉയർത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!