അടിമാലി: പെൻഷൻ ലഭിക്കാനുള്ള എല്ലാവർക്കും കൊടുത്തിട്ടുവേണം കിരീടം വച്ചുള്ള പിണറായിയുടെ യാത്രയെന്ന് ഇരുനൂറേക്കർ സ്വദേശി മറിയക്കുട്ടി ചാക്കോ. ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് അടിമാലിയിൽ യാചനാ സമരം നടത്തി സംസ്ഥാന ശ്രദ്ധയാകർഷിച്ച മറിയക്കുട്ടിക്ക് ഇന്നലെ പെൻഷൻ ലഭിച്ചിരുന്നു. അടിമാലി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ ഇന്നലെ ഉച്ചയോടെയാണ് മറിയക്കുട്ടിയുടെ വീട്ടിലെത്തി പെൻഷൻ തുക കൈമാറിയത്. ആകെ ഒരു മാസത്തെ പെൻഷനാണ് ലഭിച്ചതെന്നും ആർക്കും സ്തുതിപാടാനില്ലെന്നും മറിയക്കുട്ടി പിന്നീട് പ്രതികരിച്ചു.ആകെ ഒരു മാസത്തെ പെൻഷൻ ലഭിച്ചതിൽ ആർക്കും സ്തുതി പറയാനൊന്നും ഇല്ലെന്നായിരുന്നു മറിയക്കുട്ടിയുടെ പ്രതികരണം. ‘പെൻഷൻകാരെ അവഗണിക്കുന്ന സർക്കാരിനോട് ഇഷ്ടക്കുറവും ദേഷ്യവുമാണുള്ളത്. പെൻഷൻ ലഭിക്കാത്ത എല്ലാവർക്കും വേണ്ടിയാണ് ചട്ടിയുമായി ഭിക്ഷ യാചിക്കാൻ ഇറങ്ങിത്തിരിച്ചത്. എനിക്കു മാത്രമായി പെൻഷൻ കിട്ടിയിട്ടു കാര്യമില്ല. പെൻഷൻ ലഭിക്കാനുള്ള എല്ലാവർക്കും കൊടുത്തിട്ടുവേണം കിരീടം വച്ചുള്ള പിണറായിയുടെ യാത്ര – മറിയക്കുട്ടി പറഞ്ഞു.ജൂലൈ മാസത്തെ പെൻഷൻ തുകയാണ് മറിയക്കുട്ടിക്ക് ഇന്നലെ ലഭിച്ചത്. സർക്കാർ അനുവദിച്ച ക്ഷേമ പെൻഷൻ അടിമാലി സർവീസ് സഹകരണ ബാങ്ക് വഴി ഇന്നലെ ഉച്ചയോടെ ജീവനക്കാർ മറിയക്കുട്ടിയുടെ വീട്ടിൽ എത്തിച്ചു നൽകി. നവംബർ ഒഴികെ മൂന്നു മാസത്തെ പെൻഷൻ ഇനിയും മറിയക്കുട്ടിക്കു ലഭിക്കാനുണ്ട്. അതേസമയം, അന്നക്കുട്ടിക്കൊപ്പം യാചനാ സമരം നടത്തി പ്രതിഷേധിച്ച അന്ന ഔസേപ്പിനു പെൻഷൻ തുക ലഭിച്ചില്ല.അന്നയ്ക്കുള്ള ഒരു മാസത്തെ പെൻഷൻ അടുത്ത ദിവസം പോസ്റ്റ് ഓഫിസ് വഴി എത്തുമെന്ന് ഈറ്റ – കാട്ടുവള്ളി – തഴ ക്ഷേമനിധി ബോർഡ് ചെയർമാൻ ചാണ്ടി പി.അലക്സാണ്ടർ പറഞ്ഞു. മസ്റ്ററിങ് നടക്കാത്തതിനാൽ ജൂലൈ വരെയുള്ള ഇവരുടെ പെൻഷൻ റദ്ദായെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലിലാണു മസ്റ്ററിങ് നടന്നത്. അതിനാൽ ജൂലൈ മുതലുള്ള പെൻഷനാകും അന്നയ്ക്കു ലഭിക്കുകയെന്നും പറഞ്ഞു.