ദോഹ: ഖത്തർ ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങി അർജന്റീന ആരാധകരുടെ കണ്ണീർ വീണ അതേ ലുസൈൽ സ്റ്റേഡിയത്തിൽ കലാശപ്പോരാട്ടത്തിന് ഇറങ്ങാൻ പോകുകയാണ് ഇനി മെസിപ്പട. ബ്രസീലിനെ അട്ടിമറിച്ചതിന്റെ വമ്പുമായി എത്തിയ ക്രൊയേഷ്യയെ മുട്ടുകുത്തിച്ചാണ് അർജന്റീന ഫൈനൽ ബർത്ത് ഉറപ്പിച്ചത്. കലാശപ്പോരിൽ ഏറ്റുമുട്ടേണ്ടത് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസോ, അതോ അട്ടിമറികളിലൂടെ വിസ്മയം തീർത്ത മൊറോക്കോയോ എന്ന് അറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ്. എന്നാൽ അത് ആര് തന്നെ ആയാലും ഇത് തന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന് പ്രഖ്യാപിച്ച് അർജൻ്റീനയുടെ സൂപ്പർതാരം ലയണൽ മെസി രംഗത്ത് വന്നിരിക്കുകയാണ്. ചൊവ്വാഴ്ച നടന്ന സെമിയിൽ ക്രൊയേഷ്യയെ 3-0ന് തോൽപ്പിച്ച് അർജൻ്റീന ഫെെനലിൽ എത്തിയിരുന്നു. 1986 ന് ശേഷം അർജൻ്റീനയിലേക്ക് ആദ്യമായി ലോകകപ്പ് കിരീടം എത്തുമെന്ന ഉച്ചു വിശ്വസിക്കുകയാണ് അർജൻ്റീനയുടെ ആരാധകർ.“അവസാന മത്സരം ഫൈനലിൽ കളിച്ച് ലോകകപ്പ് യാത്ര പൂർത്തിയാക്കാൻ കഴിയുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ട്,” – അർജൻ്റീനിയൻ മാധ്യമ സ്ഥാപനമായ ഡയറിയോ ഡിപോർട്ടീവോ ഒലെയോട് മെസ്സി വ്യക്തമാക്കി. അടുത്ത ലോകകപ്പിന് ഇനിയും വർഷങ്ങളുണ്ടെന്നും അതിൽ പങ്കെടുക്കാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്നും മെസി പറഞ്ഞു. അതുകൊണ്ടുതന്നെ ഇത്തവണ അത് പൂർത്തിയാക്കുന്നതാണ് നല്ല തീരുമാനമെന്നു തോന്നുന്നുവെന്നും മെസി കൂട്ടിച്ചേർത്തു.ഡീഗോ മറഡോണയുടെയും ഹാവിയർ മഷറാനോയുടെയും നാലു ലോകകപ്പുകൾ എന്ന നേട്ടത്തെ മറികടന്നാണ് 35-കാരനായ മെസി തൻ്റെ അഞ്ചാം ലോകകപ്പ് കളിക്കുന്നത്. ഖത്തറിലെ തൻ്റെ അഞ്ചാം ഗോളോടെ 11 തവണ അദ്ദേഹം ലോകകപ്പ് മെെതാനത്ത് വലകുലുക്കി, ലോകകപ്പിലെ ഏറ്റവും മികച്ച അർജൻ്റീനീയൻ ഗോൾവേട്ടക്കാരനായ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെയും മെസി ഗോൾ നേട്ടത്തിൽ മറികടന്നു.“റിക്കോർഡുകൾ ഉൾപ്പെടെ എല്ലാം നന്നായിട്ടുണ്ട്, എന്നാൽ ഗ്രൂപ്പ് ലക്ഷ്യം കൈവരിക്കാൻ കഴിയുക എന്നതാണ് പ്രധാന കാര്യം. ഞങ്ങളെല്ലാം ഒരുമിച്ച് പ്രയത്നിക്കുന്നതും അതുതന്നെയാണ്´´- മെസി കൂട്ടിച്ചേർത്തു. ലക്ഷ്യത്തിലേക്ക് തങ്ങൾ ഒരു പടി മാത്രം അകലെയാണെന്നും ഇതുവരെ കഠിനമായി പോരാടിയെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ അത് സാധ്യമാക്കാൻ ഞങ്ങൾ എല്ലാം നൽകുമെന്നും ഇതിഹാസ താരം കൂട്ടിച്ചേർത്തു.ലോകകപ്പ് സെമിഫൈനലിലെ തോൽവിയറിയാതെയുള്ള പതിവ് ആവർത്തിച്ചാണ് അർജന്റീന ആറാം തവണ കലാശപ്പോരിന് യോഗ്യത നേടിയത്. സെമിഫൈനലിലെത്തിയ 1930,1978,1986, 1990, 2014, 2022 വർഷങ്ങളിൽ അർജന്റീന ലോകകപ്പിന്റെ ഫൈനലിനും യോഗ്യത നേടി. 1978ലും 1986ലും കിരീടമുയർത്തിയപ്പോൾ ബാക്കി മൂന്ന് തവണയും അർജന്റീന പരാജയം രുചിച്ചു.ഈ ഫോമിൽ കളിക്കുന്ന അർജന്റീനയെ നേരിടാൻ ഫ്രാൻസിനായാലും മൊറോക്കയ്ക്ക് ആയാലും വിയർക്കേണ്ടി വരും. മെസിയുടെ തകർപ്പൻ ഫോമും അയാൾക്ക് വേണ്ടി ചാവേറാകാൻ നിൽക്കുന്ന ഒരു സംഘം കളിക്കാരും അപകടകാരികളുടെ സംഘമെന്ന് വീണ്ടും തെളിയിച്ചു കഴിഞ്ഞു. മെസിക്ക് പിന്തുണ നൽകാൻ എയ്ഞ്ചൽ ഡി മരിയയെ കളത്തിൽ ഇറക്കുക പോലും വേണ്ടി വന്നില്ല ഇന്ന് പരിശീലകൻ സ്‌കലോണിക്ക്. സെമിയിൽ പോരടിക്കാൻ തയ്യാറെടുപ്പോടെയാണ് ക്രൊയേഷ്യയെത്തിയത്. ഒരു ലോകകിരിടമെന്ന മോഡ്രിച്ചിന്റെ സ്വപ്നം ലുസെയ്ലിൽ തട്ടിത്തകർന്നു.ഏകപക്ഷീയമായ മൂന്ന് ഗോളിന് ക്രൊയേഷ്യയെ തകർത്തെറിഞ്ഞാണ് മെസ്സിപ്പട ഫൈനലിലേക്ക് മുന്നേറി. മെസ്സിക്കും സംഘത്തിനും ഇത് പ്രതികാരമാണ്. ആദ്യ മത്സരത്തിലെ പരാജയത്തിൽ ക്രൂശിക്കപ്പെട്ടവനാണ് മെസ്സി. പരിഹാസങ്ങളുടെ കൂരമ്പുകളേറ്റ് അന്നാ പതിനൊന്നുപേർ തിരിഞ്ഞുനടന്നു. അതേ ലുസൈൽ സ്റ്റേഡിയത്തിൽ പോരാടി ജയിച്ച് വിശ്വകിരീടത്തിനായുള്ള അവസാനപോരിന് യോഗ്യതനേടി മെസ്സിയും സംഘവും. ഒപ്പം കഴിഞ്ഞ ലോകകപ്പിൽ ക്രൊയേഷ്യയ്ക്കെതിരായ തോൽവിക്കുള്ള പ്രതികാരവും.ഫുട്‌ബോൾ എന്ന മാസ്മരിക ലോകത്ത് മുടിചൂടാമന്നനായി ലയണൽ മെസ്സി നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. ഫുട്‌ബോളിൽ മെസ്സി കൈവരിക്കാത്ത നേട്ടങ്ങളില്ല…സ്വന്തമാക്കാത്ത പുരസ്‌കാരങ്ങളില്ല. എന്നാൽ സ്വന്തം രാജ്യത്തിനായി ഒരു ലോകകിരീടം നേടണമെന്ന ആഗ്രഹം അദ്ദേഹത്തിന്റെ മനസ്സിൽ തളം കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. 2014-ൽ ലോകകപ്പ് ഫൈനലിലെത്തിയെങ്കിലും മരിയോ ഗോട്‌സെയുടെ കാലുകൾ മെസ്സിയുടെ ആഗ്രഹത്തെ ചവിട്ടിമെതിച്ചു. ജർമനി കിരീടമുയർത്തി.2018-ലാകട്ടെ ടീം പെട്ടെന്ന് പുറത്താവുകയും ചെയ്തു. 35 കാരനായ മെസ്സിയുടെ അവസാന പ്രതീക്ഷയായിരുന്നു 2022 ഖത്തർ ലോകകപ്പ്. തന്റെ കരിയറിലെ അവസാന ഫുട്‌ബോൾ ലോകകപ്പ് കളിക്കാനായി പറന്നെത്തിയ മെസ്സി എന്തുകൊണ്ട് താൻ ഫുട്‌ബോൾ ലോകം ഭരിക്കുന്നുവെന്ന് ഏവർക്കും കാട്ടിക്കൊടുത്തു. ആദ്യ മത്സരത്തിൽ കാലിടറിയെങ്കിലും മെസ്സിയെന്ന പോരാളി തളർന്നില്ല. പിന്നീട് തുടർച്ചയായി വിജയങ്ങൾ നേടിക്കൊണ്ട് മെസ്സി ആൽബിസെലസ്റ്റുകളെ മുന്നിൽ നിന്ന് നയിച്ചു. ഒടുവിലിതാ ടീം ഫൈനലിലെത്തിയിരിക്കുന്നു.ഇന്നത്തെ മത്സരത്തിലൂടെ വളരെ പഴക്കംചെന്ന ഒരു റെക്കോഡിൽ മെസ്സി മുത്തമിട്ടു. 1966-ന് ശേഷം ഒരു ഫുട്‌ബോൾ ലോകകപ്പിലെ മൂന്ന് വ്യത്യസ്ത മത്സരങ്ങളിൽ ഗോളും അസിസ്റ്റും നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് മെസ്സി സ്വന്തമാക്കിയത്. ഈ മത്സരത്തിലൂടെ മറ്റ് ചില റെക്കോഡുകളും മെസ്സി നേടുകയുണ്ടായി.ക്രൊയേഷ്യയ്‌ക്കെതിരേ ഗോളടിച്ചതോടെ മെസ്സി ലോകകപ്പിലെ ആകെ ഗോൾനേട്ടം 11 ആക്കി ഉയർത്തി. ഇതോടെ അർജന്റീനയ്ക്കായി ലോകകപ്പിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരമെന്ന റെക്കോഡ് മെസ്സിയ്ക്ക് സ്വന്തമായി. 10 ഗോളടിച്ച ബാറ്റിസ്റ്റിയൂട്ടയുടെ റെക്കോഡ് പഴങ്കഥയായി. ഒപ്പം 2022 ഖത്തർ ലോകകപ്പിലെ ടോപ് ഗോൾ സ്‌കോററായി മാറാനും മെസ്സിയ്ക്ക് സാധിച്ചു. ഈ ലോകകപ്പിൽ നിലവിൽ ഏറ്റവുമധികം ഗോൾ നേടിയതും അസിസ്റ്റ് നൽകിയതും കൂടുതൽ ഷോട്ടുതിർത്തതും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചതും മെസ്സിയാണ്.ഈ ലോകകപ്പിൽ മെസ്സി ഇതുവരെ മൂന്ന് ഗോളുകൾ പെനാൽറ്റിയിലൂടെ നേടിക്കഴിഞ്ഞു. ഫൈനലിലും പെനാൽറ്റിയിലൂടെ ഗോൾ നേടിയാൽ മെസ്സിയ്ക്ക് പുതിയ റെക്കോഡ് സ്വന്തമാക്കാം. ഒരു ലോകകപ്പിൽ ഏറ്റവുമധികം ഗോളുകൾ പെനാൽറ്റിയിലൂടെ നേടുന്ന താരം എന്ന റെക്കോഡാണ് മെസ്സിയെ കാത്തിരിക്കുന്നത്. 1966-ൽ പോർച്ചുഗലിന്റെ യൂസേബിയോയും 1978-ൽ നെതർലൻഡ്‌സിന്റെ റെൻസെൻബ്രിങ്കുമാണ് ഈ റെക്കോഡ് നേരത്തേ സ്വന്തമാക്കിയവർ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!