കൊച്ചി: കൊച്ചിയിൽ നടന്ന ഐഎസ്എൽ മത്സരത്തിൽ ഹൈദരാബാദ് എഫ്.സിയെ മലർത്തിയടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളില്‍ ഒന്നാമത് എത്തി. ആദ്യ പകുതിയില്‍ 41-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാൻ ലൂണയെടുത്ത കോര്‍ണര്‍ കിക്കില്‍ നിന്ന് മിലോസ് ഡ്രിൻസിച്ചാണ് ബ്ലാസ്റ്റേഴ്സിന്‍റെ വിജയഗോള്‍ നേടിയത്. കൊച്ചിയിൽ ഹൈദരാബാദ് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് കൊമ്പന്‍മാര്‍ എട്ട് മത്സരങ്ങളില്‍ 16 പോയന്‍റുമായി എഫ് സി ഗോവയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയത്.ജയത്തോടെ 16 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്ത് എത്തി. ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയവും ഒരു സമനിലയും ഒരു തോൽവിയും അടക്കമാണ് ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. 13 പോയിന്റുമായി എഫ്.സി ഗോവയാണ് രണ്ടാം സ്ഥാനത്ത്. 12 പോയിന്റുമായി മോഹൻ ബഗാൻ മൂന്നാം സ്ഥാനത്തും.സീസണിൽ ഒറ്റക്കളിയും ജയിച്ചില്ലെന്ന നാണക്കേട് മായ്ക്കാന്‍ മുന്‍ ചാമ്പ്യന്‍മാരായ ഹൈദരാബാദിന് കൊച്ചിയിലും കഴിഞ്ഞില്ല. തുടക്കം മുതല്‍ പന്തടക്കത്തിലും പാസിംഗിലും ബ്ലാസ്റ്റേഴ്സിനൊപ്പം പിടിച്ചെങ്കിലും സമനിലപോലും നേടാനായില്ല. കളിയുടെ അവസാന സെക്കന്‍ഡില്‍ ഹൈദരാബാദ് താരം റാംഹ്ളുചുങയുടെ ഗോളെന്നുറച്ച ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് അവിശ്വസനീയമായി തട്ടിയകറ്റിയത് കൊമ്പന്‍മാര്‍ക്ക് ഭാഗ്യമായി.അവസാന നിമിഷങ്ങളില്‍ ഹൈദരാബാദ് സമനില ഗോളിനായി കണ്ണുംപൂട്ടി ആക്രമിച്ചതോടെ ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖം വിറച്ചെങ്കിലും ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നു. തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമണങ്ങളുമായി മുന്നേറിയപ്പോള്‍ ബലാബലത്തില്‍ ഒപ്പത്തിനൊപ്പമായിരുന്നു. മൂന്നാം മിനിറ്റില്‍ ഹൈദരാബാദും നാലാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സും എതിര്‍ പാളയത്തില്‍ ഫ്രീ കിക്ക് നേടിയെങ്കിലും ഗോളിലേക്ക് വഴി തുറന്നില്ല. ഒമ്പതാം മിനിറ്റില്‍ ഡിന്‍സിച്ച് മഞ്ഞക്കാര്‍ഡ് കണ്ടു.കളിയുടെ അവസാന നിമിഷങ്ങളില്‍ ഇരു ടീമുകളും പരുക്കന്‍ കളി പുറത്തെടുത്തതോടെ ബ്ലാസ്റ്റേഴ്സിന്‍റെ മലയാളി താരം രാഹുല്‍ കെ പി അടക്കമുള്ള താരങ്ങളും മഞ്ഞക്കാര്‍ഡ് കണ്ടു. ഗോള്‍ പോസ്റ്റിന് മുന്നില്‍ വന്‍മതിലായി നിന്ന സച്ചിന്‍ സുരേഷിന്‍റെ മിന്നും സേവുകളാണ് ബ്ലാസ്റ്റേഴ്സിന്‍റെ വിജയം സാധ്യമാക്കിയത്. കഴിഞ്ഞ സീസണില്‍ കൊച്ചിയിലേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ബ്ലാസ്റ്റേഴ്സിന്‍റെ വിജയം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!