തിരുവനന്തപുരം: കഠിനംകുളത്ത് ഭർതൃമതിയായ യുവതിയെ പട്ടാപ്പകൽ വീടിനുള്ളിൽ കയറി കഴിത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇൻസ്റ്റ​ഗ്രാം സു​ഹൃത്തായ പുരുഷൻ തന്നെ കൊലപ്പെടുത്തുമെന്ന് ആതിര വെളിപ്പെടുത്തിയിരുന്നു എന്ന് ആതിരയുടെ ഭർത്താവ് രാജീവ് പൊലീസിനോട് പറഞ്ഞു. ഇക്കാര്യം പുറത്ത് പറയരുതെന്നും യുവതി തന്നോട് ആവശ്യപ്പെട്ടിരുന്നെന്നും ഭർത്താവ് വെളിപ്പെടുത്തി. ഇതു പുറത്തു പറ‍ഞ്ഞാൽ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞിരുന്നെന്നും രാജീവ് പറഞ്ഞു. അതിനാലാണ് നേരത്തെ ആരെയും അറിയിക്കാത്തതെന്നും രാജീവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.കൊല്ലപ്പെട്ട ആതിര കൂടുതൽ സമയവും സമൂഹ മാധ്യമങ്ങളിലാണ് സമയം ചിലവഴിക്കുന്നത്. ഇക്കാര്യം വിലക്കിയിട്ടുണ്ടെന്നും രാജീവ് പൊലീസിനു മൊഴി നൽകി. ഇൻസ്റ്റ​ഗ്രാം ഫ്രണ്ട് വധഭീഷണി മുഴക്കിയ വിവരം ഭർത്താവ് രാജീവിനോട് തിങ്കളാഴ്ച ആതിര പറഞ്ഞിരുന്നു. രാജീവ് ഇക്കാര്യം പുറത്തു പറഞ്ഞില്ല. ആതിര കൊല്ലപ്പെട്ട ശേഷമാണ് രാജീവ് ക്ഷേത്ര ഭാരവാഹികളിൽ ചിലരോടും പൊലീസിനോടും ഇക്കാര്യം പറഞ്ഞത്.ആതിരയുടെ കൊലപാതകം വിശദമായി ആസൂത്രണം ചെയ്താണു നടപ്പാക്കിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സമൂഹമാധ്യമത്തിലൂടെ ദീർഘനാളായി ആതിരയുമായി അടുപ്പമുണ്ടായിരുന്ന ഇയാൾ രണ്ടു ദിവസം മുൻപ് കഠിനംകുളത്ത് എത്തി പെരുമാതുറയിൽ വാടകയ്ക്കു താമസിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. യുവാവ് ആതിരയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാകാം പ്രദേശത്ത് വാടകയ്ക്കു താമസമാരംഭിച്ചത് എന്നാണ് പൊലീസിന്റെ നി​ഗമനം. ഭർത്താവിനെയും മകനെയും ഉപേക്ഷിച്ചു തനിക്കൊപ്പം വരാൻ ഇയാൾ ആതിരയോട് ആവശ്യപ്പെട്ടെങ്കിലും ആതിര അതു നിരസിച്ചതിന്റെ പകയാകാം കൊലപാതകത്തിനു കാരണമായതെന്നു പൊലീസ് കരുതുന്നു. തൊട്ടടുത്ത് വീടുകൾ ഉണ്ടെങ്കിലും ആതിരയുടെ നിലവിളിയോ ബഹളമോ ആരും കേട്ടില്ല. കൊല്ലാനുപയോഗിച്ച കത്തിയും കണ്ടെടുത്തു. കുത്തേറ്റതിന്റെ ഫലമായി കഴുത്തു മുറിഞ്ഞ നിലയിലാണ് മൃതദേഹം കട്ടിലിൽ കിടന്നത്.കഠിനംകുളം വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് ആലിയാട് പ്ലാവിള വീട്ടിൽ ആതിര (മാളു–30) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ആതിര സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടുവെന്നു കരുതുന്ന എറണാകുളം സ്വദേശിക്കായി തിരച്ചിൽ ആരംഭിച്ചു. കൊലപാതകി ആതിരയുടെ സ്കൂട്ടറിൽ തന്നെയാണ് കടന്നത്. ഈ സ്കൂട്ടർ പിന്നീട് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.കായംകുളം സ്വദേശിയായ രാജീവ് 24 വർഷമായി ഭരണിക്കാട് ഭഗവതി ക്ഷേത്ര പൂജാരിയാണ്. ആലിയാട് സ്വദേശികളായ കുട്ടപ്പന്റെയും അമ്പിളിയുടെയും മകൾ ആതിരയെ 8 വർഷം മുൻപാണ് വിവാഹം കഴിച്ചത്. ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇവർ താമസിക്കുന്നതും. ആതിരയുടെ മൃതദേഹം മോർച്ചറിയിൽ. കൊലപാതകി മതിൽ ചാടിക്കടന്ന് തൊട്ടടുത്ത വീടിന്റെ ടെറസ് വഴിയാണ് ആതിരയുടെ വീട്ടിലെത്തിയതെന്നാണ് നിഗമനം.ഇന്നലെ രാവിലെ പൂജ കഴിഞ്ഞ് രാജീവ് പതിനൊന്നരയോടെ വീട്ടിലെത്തിയപ്പോഴാണ് ആഴത്തിൽ കത്തി കുത്തിയിറക്കി കഴുത്തു മുറിച്ച നിലയിൽ മൃതദേഹം കണ്ടത്. ആറുവയസ്സുകാരനായ മകനെ സ്കൂൾ ബസിൽ കയറ്റി വിടാൻ രാവിലെ എട്ടരയോടെ ആതിര എത്തിയത് അയൽക്കാർ കണ്ടിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!