കേരളത്തോട് നന്ദി പറഞ്ഞ് ബ്രസീൽ സൂപ്പർ താരം നെയ്മർ. കുട്ടിയെ തോളിലേറ്റി തന്റെ കൂറ്റൻ കട്ടൗട്ട് നോക്കിനിൽക്കുന്ന ആരാധകന്റെ ചിത്രത്തോടൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരത്തിന്റെ പ്രതികരണം.നെയ്മർ ജൂനിയറിൻറെ ഒഫീഷ്യൽ വെബ്സൈറ്റിൻറെ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് കേരളത്തിന് നന്ദി പറഞ്ഞുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ലോകത്തിലെ എല്ലായിടങ്ങളിൽ നിന്നും സ്‌നേഹം വരുന്നു! വളരെ നന്ദി, കേരളം, ഇന്ത്യ’ നെയ്മർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. മലപ്പുറം ചങ്ങരംകുളത്ത് ഒതല്ലൂരിൽ ബ്രസീൽ ആരാധകരായ നാട്ടുകാർ സ്ഥാപിച്ച നെയ്മറിൻറെ കൂറ്റൻ ഫ്ലക്സാണ് ചിത്രത്തിലുള്ളത്ലോകകപ്പ് തുടങ്ങും മുൻപെ കേരളത്തിലെ വിവിധ ഇടങ്ങളിൽ പ്രിയ ടീമുകളുടെയും താരങ്ങളുടെയും ഫ്ലക്സുകളും കട്ടൗട്ടുകളും ആരാധകർ സ്ഥാപിച്ചിരുന്നു. ഇതിൽ വൈറലായ ഒന്നായിരുന്നു കോഴിക്കോട് പുള്ളാവൂരിലെ കട്ടൗട്ട്. പുള്ളാവൂരിലെ ചെറുപുഴയിലെ തുരുത്തിൽ ലയണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ടാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നാലെ 40 അടി ഉയരത്തിലുള്ള കട്ടൗട്ടും ഉയരുകയായിരുന്നു. അധികം താമസിയാതെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ടും പ്രത്യക്ഷപ്പെട്ടു. തുടർന്ന് ഇത് വിവാദത്തിലാവുകയും ചെയ്തു.അഭിഭാഷകനായ ശ്രീജിത്ത് പെരുമന കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിൽ പരാതി നൽകി. എന്നാൽ കട്ടൗട്ടുകൾ മാറ്റില്ലെന്ന നിലപാടിലായിരുന്നു ആരാധകർ. പിന്നീട് പുള്ളാവൂരിലെ കൂറ്റൻ കട്ടൗട്ടുകൾ ഫിഫയും ഏറ്റെടുത്തു. തങ്ങളുടെ ട്വിറ്റർ പേജിൽ പങ്കുവയ്ക്കുകയും ചെയ്തു.ഖത്തർ ലോകകപ്പിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയാണ് നെയ്മറും സംഘവും മടങ്ങിയത്. ക്വാർട്ടർ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ക്രോയേഷ്യയാണ് ബ്രസീലിനെ വീഴ്ത്തിയത്. 4.2നായിരുന്നു ക്രൊയേഷ്യയുടെ വിജയം. ക്വാർട്ടറിൽ പുറത്തായതിനു ശേഷം കണ്ണീരോടെയാണ് നെയ്മർ മൈതാനം വിട്ടത്.