*ഷൂട്ടൗട്ടിൽ എല്ലാ അടികളും തടഞ്ഞിട്ട് മൊറോക്കൻ ഗോളി യാസിൻ ബോണു* *ആഫ്രിക്കൻ വൻകരയിൽ അതിരില്ലാത്ത ആനന്ദനടനം* മുൻ ചാമ്പ്യൻമാരായ സ്പെയിനെ അട്ടിമറിച്ച് ആഫ്രിക്കൻ കരുത്തരും കറുത്ത കുതിരകളുമായ മൊറോക്കോ ക്വാർട്ടർ ഫൈനലിൽ. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകൾക്കും ലക്ഷ്യം കാണാനാകാതെ പോയ മത്സരത്തിൽ, പെനൽറ്റി ഷൂട്ടൗട്ടിലാണ് മൊറോക്കോ സ്പെയിനെ അട്ടിമറിച്ചത്. ഷൂട്ടൗട്ടിൽ കാർലോസ് സോളറെടുത്ത രണ്ടാമത്തെ കിക്കും ക്യാപ്റ്റൻ സെർജിയോ ബുസ്ക്വെറ്റ്സിന്റെ മൂന്നാം കിക്കും തടുത്തിട്ട ഗോൾകീപ്പർ യാസിൻ ബോനുവാണ് മൊറോക്കോയുടെ ഹീറോ. മറ്റൊരു സ്പാനിഷ് താരം പാബ്ലോ സറാബിയയുടെ കിക്ക് പോസ്റ്റിൽത്തട്ടി തെറിച്ചു.മൊറോക്കോയ്ക്കായി അബ്ദൽഹമീദ് സബീരി, ഹാകിം സിയെച്ച്, അച്റഫ് ഹക്കിമി എന്നിവർ ലക്ഷ്യം കണ്ടു. ബദിർ ബെനോണിന്റെ ഷോട്ട് സ്പാനിഷ് ഗോൾകീപ്പർ ഉനായ് സൈമൺ രക്ഷപ്പെടുത്തി. ഡിസംബർ 10ന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗൽ – സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടർ വിജയികളാണ് മൊറോക്കോയുടെ എതിരാളികൾ.