ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ സർക്കാർ രൂപീകരണ ചർച്ചകളുമായി ഇന്ത്യാ മുന്നണി. ജൂൺ ഒന്നിന് ചേരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോ​ഗത്തിൽ കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ചും ചർച്ചയുണ്ടാകുമെന്നാണ് മുതിർന്ന നേതാക്കൾ സൂചിപ്പിക്കുന്നത്. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ് ഇന്ത്യാ സഖ്യനേതാക്കളുടെ യോ​ഗവും തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അവലോകനവും ഫലപ്രഖ്യാപനത്തിന് ശേഷം സ്വീകരിക്കേണ്ട നിലപാടുകളും യോ​ഗത്തിൽ ചർച്ചയാകും.രാഹുൽ ഗാന്ധി, മല്ലികാർജുന ഖാർഗെ, അരവിന്ദ് കെജ്‌രിവാൾ, തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ നേതാക്കളും യോഗത്തിൽ പങ്കെടുക്കും. ഡൽഹി മദ്യനയ കേസിൽ ഇടക്കാല ജാമ്യത്തിൽ കഴിയുന്ന കെജ്രിവാളിന് ജൂൺ രണ്ടിന് തിഹാർ ജയിലിലേക്ക് മടങ്ങണം. ഇത് കൂടി കണക്കിലെടുത്ത് ആണ് ജൂൺ ഒന്നിന് യോഗം ചേരുന്നത്. 28 പ്രതിപക്ഷ പാർട്ടികളാണ് ഇന്ത്യ സഖ്യത്തിൽ ഉള്ളത്.ജൂൺ നാലിന് ഫലം വരുന്ന ദിവസം ഇന്ത്യ സഖ്യം തകരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ഇന്ത്യ സഖ്യത്തിലെ ചില കക്ഷികളെയും, എംപിമാരെയും ബിജെപി ലക്ഷ്യമിടുമെന്ന ആശങ്ക പ്രതിപക്ഷ പാർട്ടികൾക്ക് ഉണ്ട്. ഈ സാഹചര്യത്തിൽ ഫലം വന്നതിന് ശേഷവും സഖ്യത്തിലെ പാർട്ടികളെയും, എംപിമാരെയും ഒന്നിച്ച് നിർത്തുന്നതിനുള്ള നടപടികൾ ഇന്ത്യ സഖ്യം ചർച്ച ചെയ്യും. വോട്ടെടുപ്പിൽ അട്ടിമറി ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ചും യോഗത്തിൽ പങ്കെടുക്കുന്ന നേതാക്കൾക്ക് കൃത്യമായ നിർദേശം നൽകും.ബിജെപിക്ക് 230 സീറ്റിൽ കുറവാണ് ലഭിക്കുന്നതെങ്കിൽ ഇന്ത്യ സഖ്യത്തിന് സർക്കാർ രൂപവത്കരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ എന്ന് സഖ്യത്തിലെ മുതിർന്ന നേതാക്കൾ പറഞ്ഞു. അത്തരം ഒരു സാഹചര്യം ഉണ്ടാകുകയാണെങ്കിൽ സർക്കാർ രൂപവത്കരത്തിന് അടിയന്തിരമായി നടത്തേണ്ട നടപടികളെ സംബന്ധിച്ചും യോഗം ചർച്ച ചെയ്യും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!