കല്‍പ്പറ്റ: ലഹരി സംഘത്തിലെ ഇടനിലക്കാർ മുതൽ മാഫിയ തലവന്മാർക്ക് വരെ പോലീസിന്റെ എട്ടിന്റെപണി. ലഹരി വില്‍പ്പന വഴി അനധികൃതമായി സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് പോലീസിന്റെ തീരുമാനം. എന്‍.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. അനധികൃതമായി സമ്പാദിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയാല്‍ ലഹരിക്കടത്ത് സംഘാംഗങ്ങളുടെയും ബന്ധുക്കളുടെയും ലഹരിവില്‍പ്പനക്കാരെ സഹായിക്കുന്നവരുടെയും സ്വത്തുക്കള്‍ കണ്ടു കെട്ടാനും നിയമമുണ്ട്. നിയമം മൂലം ലഹരി സംഘത്തെയും അവരെ സഹായിക്കുന്നവരെയുമടക്കം പൂട്ടാനാണ് പൊലിസിന്റെ നീക്കം.ഈ മാസം ഏഴിന് മേപ്പാടിയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയിലായ സംഭവത്തില്‍ ഇയാള്‍ അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടാനുള്ള നടപടി സ്വീകരിച്ചു. ഇയാള്‍ ലഹരി വിറ്റ് നേടിയ പണമുപയോ​ഗിച്ച് വാങ്ങിയ വാഹനം ഉടന്‍ കണ്ടുകെട്ടും. മേപ്പാടി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബി.കെ. സിജുവാണ് വാഹനം കണ്ടുകെട്ടുന്നതിനായുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.ചെന്നൈ ആസ്ഥാനമായുള്ള സ്മഗ്‌ളേഴ്‌സ് ആന്‍ഡ് ഫോറിന്‍ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റി (സഫേമ)ക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. വയനാട്ടിലേക്കും ഇതുവഴി ഇതര ജില്ലകളിലേക്കുമുള്ള ലഹരി ഒഴുക്ക് തടയുന്നതിനായി കര്‍ശന നടപടികള്‍ തുടരുമെന്ന് പൊലീസ് അറിയിച്ചു.യുവാവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പിടികൂടിയ പ്രതികളിലൊരാളായ മലപ്പുറം, തിരൂര്‍ പൂക്കയില്‍ പുഴക്കല്‍ വീട്ടില്‍ മുഹമ്മദ് റാഷിദ് (29) ല്‍ നിന്നാണ് 19.79 ഗ്രാം എം.ഡി. എം.എ പിടികൂടിയത്. മറ്റു പ്രതികളെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് മേപ്പാടിയില്‍ നിന്നും മുട്ടില്‍ ഭാഗത്തേക്ക് പോകും വഴി തൃക്കൈപ്പറ്റ വച്ച് ഇയാള്‍ പോലീസിനെ കണ്ട് പരുങ്ങിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ പോക്കറ്റില്‍ നിന്നും എം.ഡി.എം.എ കണ്ടെടുക്കുന്നത്.ഈ കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തില്‍ ഇയാള്‍ മയക്കുമരുന്ന് വില്‍പ്പനയിലൂടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി വന്നിരുന്നു. സ്വത്ത് കണ്ടുകെട്ടുന്നതോടൊപ്പം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളും വരും. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എ. എസ് പ്രശാന്ത് കുമാര്‍, ഷംനാസ് , താഹിര്‍ എന്നിവരും റിപ്പോര്‍ട്ട് സമര്‍പ്പണത്തിന്റെ ഭാഗമായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!