കൊച്ചി : ചികിത്സയിലായിരുന്ന പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ആശുപത്രി വിട്ടു. 45 ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഗുരുതരമായ ശ്വാസ തടസം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആശുപത്രി വിട്ടെങ്കിലും ഡയാലിസിസ് അടക്കമുള്ള ചികിത്സ തുടരാൻ ഡോക്ടർമാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ബംഗളൂരു സ്ഫോടന കേസിൽ സുപ്രീം കോടതി ഉപധികളോടെ അദ്ദേഹതിന് നേരെത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം കേരളത്തിലെത്തിയത്.കര്‍ശനമായ സന്ദര്‍ശക നിയന്ത്രണത്തോടെയും മെഡിക്കല്‍ സംഘത്തിന്‍റെ പരിചരണത്തിലുമാണ് വീട്ടിലേക്ക് മടങ്ങാന്‍ ഡോക്ടര്‍മാര്‍ അനുമതി നല്‍കിയത്. ഫെബ്രുവരി 20നാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡയാലിസിസ് ആരംഭിക്കുകയായിരുന്നു. ഇതിനിടെ വെന്‍റിലേറ്ററിലേക്ക് മാറ്റി. കടുത്ത ശ്വാസതടസ്സവും ശ്വാസകോശത്തിലെ വെള്ളക്കെട്ടും ഉയർന്ന രക്തസമ്മർദവുമായിരുന്നു ആരോഗ്യസ്ഥിതി വഷളാകാൻ കാരണം.ഹൃദയസംബന്ധമായ തകരാറുകളുണ്ടോയെന്നറിയാൻ ആൻജിയോഗ്രാം പരിശോധനകളും നടത്തിയിരുന്നു. ഒന്നര മാസത്തിന് ശേഷമാണ് ആശുപത്രി വിടുന്നത്. ദിനേനയുള്ള പെരിറ്റോണിയല്‍ ഡയാലിസിസ് മെഡിക്കല്‍ സംഘത്തിന്‍റെ മേല്‍നോട്ടത്തില്‍ വീട്ടില്‍ തുടരുന്നതിനാണ് തീരുമാനം