കാസർകോട്: നാലുമാസം മാത്രം പ്രായമുള്ള മകളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തത് ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം സഹിക്കാനാവാതെയെന്ന് ആരോപണം. കാസർകോട് മുളിയാർ കോപ്പാളംകൊച്ചിയിലെ ബിന്ദു (30), ഇവരുടെ നാലു മാസം പ്രായമുള്ള പെൺകുഞ്ഞ് ശ്രീനന്ദന എന്നിവരുടെ മരണത്തിലാണ് യുവതിയുടെ ബന്ധുക്കൾ ഗുരുതര ആരോപണം ഉയർത്തുന്നത്. ഭർത്താവും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് ബിന്ദുവിന്റെ പിതാവ് രാമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.ഇന്നലെ രാവിലെയും ഭർതൃമാതാവ് വിളിച്ച് മോശമായി സംസാരിക്കുകയും ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. തെറ്റ് ചെയ്തില്ലെന്ന് ബിന്ദു കാല് പിടിച്ചു പറഞ്ഞുവെന്നും ഭർത്താവ് ശരത്തും ബിന്ദുവിനെ മാനസിക പീഡനത്തിന് ഇരയാക്കിയെന്നും പിതാവ് രാമചന്ദ്രൻ പറഞ്ഞു.ഇന്നലെയാണ് ബിന്ദുവിനെയും ശ്രീനന്ദനയേയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുവളപ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് ബിന്ദുവിൻറെ മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ മുറിയിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബിന്ദുവിനെ ഇടുക്കിയിലേക്കാണ് വിവാഹം കഴിച്ച് അയച്ചിരിക്കുന്നതെങ്കിലും വർഷങ്ങളായി കോപ്പാളംകൊച്ചിയിലാണ് കുടുംബസമേതം താമസിക്കുന്നത്. ഭർത്താവ് ഗൾഫിലാണ്. ഇവർക്ക് അഞ്ചു വയസുള്ള ഒരു മകൻ കൂടിയുണ്ട്.