പൊന്നാനി: ടാങ്കർ ലോറിയും വലിയ ഗ്യാസ് ടാങ്കർ വാഹനങ്ങളും ഓടിക്കാനുള്ള ഹസാർഡ് ലൈസൻസ് നേടി പൊന്നാനി സ്വദേശിനി സഫിയ. സംസ്ഥാനത്ത് ഹസാർഡ് ലെസൻസ് നേടുന്ന മൂന്നാമത്തെ വനിതയാണ് സഫിയ. കുട്ടിക്കാലത്തേ തുടങ്ങിയ വാഹനങ്ങളോടുള്ള സഫിയയുട കമ്പമാണ് ബൈക്കിൽ നിന്നാരംഭിച്ച് ഹെവി വാഹനങ്ങളും നേടി ഇപ്പോൾ ഹസാർഡ് ലൈസൻസിൽ എത്തിനിൽക്കുന്നത്. ഭർത്താവ് ചങ്ങരംകുളം പരുവിങ്ങൽ അബൂബക്കറും മക്കളായ അസ്ബിയയും അസ്നിയയും സഫിയയുടെ ആ​ഗ്രഹത്തിനൊപ്പം നിന്നതോടെയാണ് ഈ അപൂർവ നേട്ടം കരസ്ഥമാക്കാനായത്.ചെറുപ്പംമുതലേ വാഹനങ്ങളോട് അതിയായ ഭ്രമമായിരുന്നു സഫിയയ്ക്ക്. ആദ്യം ബൈക്ക്, പിന്നീട് കാർ, ഓട്ടോറിക്ഷ എന്നിവ ഓടിക്കാൻ പഠിച്ചു. ഇഷ്ടപ്പെട്ട മേഖലയിലെ ജോലിയെന്ന നിലയിൽ എടപ്പാളിലെ അബ്സി ഡ്രൈവിങ് സ്‌കൂളിലെ അധ്യാപികയായി ജോലിയും സമ്പാദിച്ചു. കോവിഡ് കാലത്ത് ആ ജോലി നിലച്ചതോടെ ഉപജീവനത്തിന് പുതിയ മാർഗംതേടി. കിട്ടിയ അവസരം മുതലാക്കി ഹെവി ലൈസൻസ് സ്വന്തമാക്കി.ആംബുലൻസ് ഡ്രൈവറായി ജോലിയിൽ കയറി. പൊന്നാനി ജോയിന്റ് ആർ.ടി. ഓഫീസിൽനിന്ന് ഹെവി ലൈസൻസ് നേടിയ ആദ്യവനിതയാണ് സഫിയ. ആംബുലൻസിൽ രോഗികളുമായി കുതിച്ചുപായുന്ന സഫിയ അക്കാലത്ത് പുതുമയാർന്ന കാഴ്ചയായിരുന്നു. ബസും നാഷണൽ പെർമിറ്റ് ലോറിയുമെല്ലാം ഓടിക്കാനുള്ള ധൈര്യമായതോടെ ചങ്ങരംകുളം അടയ്ക്കാമാർക്കറ്റിൽനിന്ന് പാലക്കാട്ടേക്ക് അടയ്ക്ക കൊണ്ടുപോകുന്ന ജോലിയും ചെയ്തുഇതിനുശേഷമാണ് ഹസാർഡ് ലൈസൻസ് നേടണമെന്ന മോഹമുദിച്ചത്. പെട്രോളും പാചകവാതകമടക്കമുള്ള അപകടകരമായ സാധനങ്ങളുമായി പോകുന്ന വാഹനമോടിക്കുന്നതിനുള്ളതാണ് ഹസാർഡ് ലൈസൻസ്. എടപ്പാൾ ഐ.ഡി.ടി.ആറിൽനിന്ന് പരിശീലനം പൂർത്തിയാക്കി അതും നേടി. തൃശ്ശൂരിലെ ഡലിറ്റയ്ക്കും പട്ടാമ്പിയിലെ നിഷ ബർക്കത്തിനും ശേഷം ഈ ലൈസൻസ് കരസ്ഥമാക്കിയ വനിതയായി ഇപ്പോൾ ടാങ്കറിലും ഗ്യാസ് വാഹനത്തിലുമെല്ലാം പറക്കാനുള്ള ആത്മധൈര്യത്തിലാണ്.ഇതിനിടെ വിദേശത്തുപോയി അവിടത്തെ ലൈസൻസ് നേടാൻ ശ്രമിച്ചെങ്കിലും പെട്ടെന്നുണ്ടായ ശാരീരികാസ്വസ്ഥതമൂലം മടങ്ങി. അതു നേടുന്നതോടൊപ്പം എസ്‌കവേറ്ററും ഹിറ്റാച്ചിയും ഓടിക്കാനുള്ള ലൈസൻസുംകൂടി സ്വന്തമാക്കണമെന്ന മോഹമാണ് ഇപ്പോൾ സഫിയയെ നയിക്കുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!