എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ കുഞ്ഞുങ്ങൾ കൂടുതൽ ഉറങ്ങിയെന്നു വരാം. പനി തന്നെ ഉദാഹരണം. എന്നാൽ കൗമാരപ്രായക്കാരായ കുട്ടികളിൽ ഉറക്കക്കൂടുതൽ മടിയുടെ ഭാഗമാണോയെന്നറിയണം. ചില കുട്ടികളെക്കുറിച്ച് അച്ഛനമ്മമാർ പരാതിപ്പെടുന്നതു കേട്ടിട്ടില്ലേ! പുസ്തകം കയ്യിലെടുത്താലുടൻ അവന് ഉറക്കം വരും. പാതിരായാകുന്നവരെ ടിവി കണ്ടിരിക്കാൻ ഒരു കുഴപ്പവുമില്ല! മടിയോടൊപ്പം രാത്രി വൈകിയുറങ്ങുന്നതും ഉറക്കശീലങ്ങൾ ഇടയ്ക്കിടെ മാറുന്നതുമൊക്കെ പകൽസമയത്ത് കുട്ടികൾ ഉറക്കം തൂങ്ങാൻ കാരണമാകാം.പഠനത്തിന്റെയും പരീക്ഷയുടെയുമൊക്കെ സമ്മർദം സമ്മാനിക്കുന്ന ശരീരക്ഷീണം, ശരീരത്തിൽ അയൺ കുറയുന്നതു മൂലമുണ്ടാകുന്ന വിളർച്ച. ടി.ബി പോലെയുള്ള രോഗാണുബാധ എന്നിവയൊക്കെ ഉറക്കക്കൂടുതലിനുള്ള മറ്റു കാരണങ്ങളാണ്. അപൂർവമായി നാർക്കോലെപ്സി എന്നു വിളിക്കുന്ന ഉറക്കവൈകല്യവും കൗമാരപ്രായക്കാരായ കുട്ടികളിൽ അമിത ഉറക്കമുണ്ടാക്കാറുണ്ട്. ഏതായാലും തുടർച്ചയായി കുട്ടിയിൽ ഉറക്കക്കൂടുതലും പകൽ മയക്കവുമൊക്കെ കാണുന്നുണ്ടെങ്കിൽ വൈദ്യപരിശോധന നടത്തി കാരണം കണ്ടുപിടിക്കണം.കിടക്ക നനയ്ക്കൽകൊച്ചു കുട്ടികൾ ഉറക്കത്തിൽ അറിയാതെ മൂത്രമൊഴിച്ചെന്നു വരാം. എന്നാൽ അഞ്ചു വയസ്സിനുശേഷവും ഈ ശീലം തുടരുകയാണെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തണം.ഉറക്കത്തിൽ പല്ലിറുമ്മൽകുഞ്ഞിന് വിരയുടെ മരുന്ന് കൊടുക്കണം, പല്ലിറുമ്മുന്നത് കണ്ടില്ലേ കാരണവന്മാർ ഇങ്ങനെ പറയാറുണ്ട്. എന്നാൽ ഇതിന് ശാസ്ത്രിയാടിസ്ഥാനമില്ല. മാനസിക പിരിമുറുക്കവും സമ്മർദങ്ങളുമൊക്കെ കുട്ടികളിൽ ഈ ശീലത്തിനു കാരണമായേക്കാം. ഇതിന് പ്രത്യേക ചികിത്സയൊന്നും ആവശ്യമില്ല. പ്രായമാകുന്തോറും ഈ ശീലം തനിയെ മാറിക്കൊളളും.ഉറക്കത്തിൽ നടക്കൽവല്ലപ്പോഴുമൊക്കെ കുട്ടികൾ ഉറക്കത്തിൽ കിടക്കയിൽ എഴുന്നേറ്റ് ഇരിക്കുകയോ അൽപദൂരം നടക്കുകയോ ചെയ്തെന്നു വരാം. എന്നാൽ ഇതു പതിവായി മാറുകയാണെങ്കിൽ കുട്ടിക്ക് നടത്തയ്ക്കിടയിൽ തട്ടിവീണു പരുക്കുപറ്റാനും മറ്റും സാധ്യതയുണ്ട്. മുതിരുമ്പോൾ ഈ ശീലവും അപ്രത്യക്ഷമാകാറാണു പതിവ്.അത്ര സുന്ദരമല്ലാത്ത ചില സ്വപ്നങ്ങൾപരീക്ഷാക്കാലമാണ്. ഹോസ്റ്റലിൽ കുട്ടികൾ രാത്രി ഏറെ വൈകുംവരെ ഉറക്കമിളച്ചിരുന്ന് പഠിക്കുന്നുണ്ട്. ശരത്തും ലിജുവും കംബൈൻ സ്റ്റഡി കഴിഞ്ഞ് കിടന്നതേയുള്ളൂ. രാത്രി എപ്പോഴാണെന്നറിയില്ല ശരത്തിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് ലിജു ഞെട്ടിയുണർന്നത്. നോക്കുമ്പോൾ കട്ടിലിൽ പേടിച്ചരണ്ടിരിക്കുകയാണ് ശരത്. ദേഹമാസകലം വിയർത്തു കുളിച്ചിരിക്കുന്നു. നെഞ്ച് പടപടായെന്ന് ഇടിക്കുന്നുമുണ്ട്. കുലുക്കിവിളിച്ചപ്പോഴാണ് ശരത്തിന് പരിസരബോധമുണ്ടായത്. അവ്യക്തമായി എന്തൊക്കെയോ പുലമ്പുന്നുണ്ട്. ഉറക്കത്തിൽ എന്തോ കണ്ടു പേടിച്ചെന്നാണ് ഇടറിയ ശബ്ദത്തിൽ പറയുന്നത്.