സുൽത്താൻ ബത്തേരി: വയനാട് ചീരാല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ ആത്മഹത്യയിൽ ഇൻസ്റ്റഗ്രാം സുഹൃത്തും ആലപ്പുഴ സ്വദേശിയുമായ യുവാവ് പിടിയിലായതോടെ രക്ഷപ്പെട്ടത് സ്കൂൾ അധികൃതരാണ്. വിദ്യാർത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നേരത്തെ സ്‌കൂൾ അധികൃതർക്കെതിരെ പ്രചാരണം നടന്നിരുന്നു. എന്നാൽ പെൺകുട്ടിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പോലീസ് പരിശോധിച്ചതോടെയാണ് കേസിൽ വഴിത്തിരിവായത്.കഴിഞ്ഞ 20നാണ് വിദ്യാർത്ഥിനി ബന്ധുവീട്ടിൽ തൂങ്ങിമരിച്ചത്. മരണത്തിൽ കുട്ടിയുടെ കുടുംബം ദൂരൂഹത ആരോപിച്ചിരുന്നു. കുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുൾപ്പെടെ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് ആത്മഹത്യയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമായത്. പെൺകുട്ടിയും ആദിത്യനും ഇൻസ്റ്റഗ്രാമിൽ തുടർച്ചയായി ചാറ്റ് നടത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം കേസില്‍ പിടിയിലായ കണിച്ചുകുളങ്ങര സ്വദേശി ആദിത്യൻ (20) എന്ന യുവാവിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ചുമത്തിയിട്ടുളത്.നൂൽപ്പുഴ എസ്എച്ച്ഒ എ.ജെ. അമിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തെ ജോലിസ്ഥലത്തുനിന്നാണ് ആദിത്യനെ കസ്റ്റഡിയിലെടുത്തത്. ഇൻസ്റ്റാഗ്രാം ചാറ്റിലൂടെയാണ് ആദിത്യൻ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് മറ്റൊരു പെൺകുട്ടിയുമായി ആദിത്യനു ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ ഇവർ തമ്മിൽ പ്രശ്‌നങ്ങളുണ്ടായതായാണ് സൂചന. അതേസമയം പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ച ചാറ്റുകൾ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്‌കൂൾ അധികൃതർക്കെതിരെ പ്രചാരണം നടന്നിരുന്നു. വിദ്യാലയത്തിന്റെ വാർഷികാഘോഷത്തിനു പിരിവ് നൽകാത്തതിനു ക്ലാസ് അധ്യാപിക ശകാരിച്ചതിലുള്ള മനോവിഷമമാണ് കുട്ടി ജീവനൊടുക്കാൻ പ്രേരണയായതെന്നായിരുന്നു പ്രചാരണം. കോടതിയിൽ ഹാജരാക്കിയ ആദിത്യനെ റിമാൻഡ് ചെയ്തു.