മൂവാറ്റുപുഴ: കഴിഞ്ഞ ദിവസം അറസ്റ്റിലായ ആയുർവേദ ഡോക്ടറായ യുവതിയും അമ്മയും ചേർന്ന് ആയുർവേദ ഉപകരണ നിർമാണ കമ്പനിയിൽ നിന്ന് തട്ടിയെടുത്തത് ഒന്നര കോടിയോളം രൂപ. കോതമംഗലം തൃക്കാരിയൂർ വെളിയത്ത് വിനായകം രാജശ്രീ എസ്. പിള്ള (52), മകൾ ഡോ. ലക്ഷ്മി നായർ (25) എന്നിവരാണ് പിടിയിലായത്. ദ്രോണി ആയുർവേദാസിന്റെ മൂവാറ്റുപുഴയിലെ ഓഫിസിലെ ജീവനക്കാരിയായിരുന്നു രാജശ്രീ. സോഫ്റ്റ്‌വെയറിൽ കൃത്രിമം നടത്തിയും വ്യാജ ഡിജിറ്റൽ രേഖകൾ സൃഷ്ടിച്ചുമാണ് ഇവർ പണം തട്ടിയെടുത്തത്.ആയുർവേദ ഉപകരണങ്ങൾ നിർമിച്ച് വിദേശങ്ങളിൽ ഉൾപ്പെടെ വിൽപന നടത്തുന്ന കമ്പനിയാണ് ദ്രോണി ആയുർവേദാസ്. ഈ സ്ഥാപനത്തിലെ അക്കൗണ്ട്സ് കം ടെലി മാർക്കറ്റിങ് ജീവനക്കാരിയായിരുന്നു രാജശ്രീ. കമ്പനിയുടെ ഉപയോക്താക്കൾ നൽകുന്ന തുക രാജശ്രീയുടെയും മകളുടെയും അക്കൗണ്ടുകളിലേക്കു മാറ്റിയും ഉടമ അറിയാതെ ഉപകരണങ്ങൾ വിൽപന നടത്തിയുമാണു വൻതുക തട്ടിയത്. രാജശ്രീ മകൾ ലക്ഷ്മി നായരുടെ സഹായത്തോടെയാണു തട്ടിപ്പു നടത്തിയതെന്നാണു പൊലീസ് പറയുന്നത്. പുതുതായി ആരംഭിച്ച കൊച്ചിയിലെ മറ്റൊരു ആയുർവേദ ഉപകരണ നിർമാണ കമ്പനിയിലെ ഉടമസ്ഥരും പങ്കാളിയാണെന്നു കമ്പനി മാനേജ്മെന്റ് നൽകിയ പരാതിയിൽ ഉണ്ട്. ഇത് സംബന്ധിച്ച ഡിജിറ്റൽ രേഖകളും പൊലീസിനു കൈമാറിയിട്ടുണ്ട്.
ലാഭത്തിലായിരുന്ന കമ്പനി മാസങ്ങളായി നഷ്ടത്തിലായതോടെ പിടിച്ചു നിൽക്കാൻ വർഷങ്ങളായി ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരെ വരെ പിരിച്ചു വിട്ടിരുന്നു. ഇതിനിടയിലും ഇവർ തട്ടിപ്പു തുടർന്നുവെന്നു കമ്പനി അധികൃതർ പറയുന്നു. ആഴ്ചകളോളം നീണ്ട സൂക്ഷ്മ പരിശോധനയും സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആണ് തട്ടിപ്പിനു പിന്നിൽ രാജശ്രീ ആണെന്നു തിരിച്ചറിയാൻ സഹായിച്ചത്. രാജശ്രീ എസ്എസ്എൽസി ബുക്ക് കൃത്രിമമായി നിർമിച്ചതായും കണ്ടെത്തിയിട്ടുണ്ട്.റഷ്യയിലെ വൈദ്യശാസ്ത്ര പഠനത്തിനു ശേഷം യുകെയിൽ ഡോക്ടറായി ജോലി ചെയ്യുകയായിരുന്ന ഡോ. ലക്ഷ്മി ഡിസംബർ 28ന് നിശ്ചയിച്ചിരുന്ന വിവാഹത്തിനായാണ് നാട്ടിൽ എത്തിയത്. വിവാഹം നടന്ന് ആഴ്ചകൾക്കുള്ളിൽ തട്ടിപ്പ് കേസിൽ അറസ്റ്റിലാകുകയും ചെയ്തു. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു.