സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് മാസമായി ചെയ്ത ജോലിക്ക് ശമ്പളമില്ലാതെ വലയുന്നത് ഇരുന്നൂറിലധികം കൈറ്റ് അധ്യാപകരാണ്. കൈറ്റ് മാസ്റ്റർ ട്രെയിനർമാർക്ക് പകരമെത്തിയവർക്കാണ് ശമ്പളമില്ലാത്തത്. പരാതിയുമായി നവകേരള സദസ്സിലടക്കം പോയിട്ടും പരിഹാരമായില്ല. പരാതിക്ക് ലഭിച്ച മറുപടി ഫയൽ ധനവകുപ്പിന്റെ പരിഗണനയിൽ ആണെന്നാണ്. ശമ്പളം മുടങ്ങിയതോടെ മറ്റ് ജോലികൾ തേടുകയാണ് പലരും. അഞ്ചുമാസം പണിയെടുത്തതിന്റെ ശമ്പളം ചോദിക്കുന്നത് താൽക്കാലിക അധ്യാപകരാണ്.കൈറ്റ് മാസ്റ്റർ ട്രെയിനർ പരിശീലനത്തിന് ജില്ലാ കേന്ദ്രങ്ങളിലേക്ക് പോയ സ്കൂൾ അധ്യാപകർക്ക് പകരമെത്തിയവരാണ് ഇവർ. സംസ്ഥാനത്താകെ 228 പേരാണ് ഇത്തരത്തിൽ ജോലി ചെയ്യുന്നത്. ജൂണിലാണ് ജോലിയിൽ പ്രവേശിച്ചത്. ആദ്യ രണ്ടുമാസം സ്കൂൾ അക്കൗണ്ട് വഴിയായിരുന്നു ശമ്പളം. സ്വന്തം അക്കൗണ്ടിലേക്ക് നേരിട്ട് മാറ്റിയ ശേഷം കിട്ടിയത് ഓഗസ്റ്റിലെ ശമ്പളം മാത്രമാണെന്ന് അധ്യാപകർ പറയുന്നു. നവംബറിൽ നവകേരളസദസ്സിൽ നൽകിയ പരാതിയും എത്തേണ്ടിടത്ത് എത്തിയില്ല.മന്ത്രിസഭ ഇനിയും പരിഗണിച്ചില്ലെങ്കിൽ ഇവരുടെ ഗതികേട് തുടരും.