കരുനാഗപ്പള്ളി: തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം മണ്ണേൽ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രധാനപ്രതി പിടിയിൽ. കരുനാഗപ്പള്ളി വടക്കുംതല ചാമ്പക്കടവ് കിലക്കിലേത്തുവീട്ടിൽ നൗഷാദ് അബ്ദുൾ റഹിം (42) ആണ് കാസർകോട്ടുനിന്ന് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുടുംബപ്രശ്‌നം ചർച്ചചെയ്യുന്നതിനിടെയുണ്ടായ സംഘർഷത്തിൽ മർദനമേറ്റ് സലിം മണ്ണേൽ മരിച്ചത്.തേവലക്കര പാലയ്ക്കൽ മുഹമ്മദ് ഷാ (27), വൈ.കെ.ഫാത്തിമ ഹൗസിൽ യൂസഫ് (58) എന്നിവരെ സംഭവദിവസംതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശാസ്താംകോട്ട എത്തിരത്തിൽ തെക്കതിൽ ഫൈസൽ (35), സഹോദരൻ മുസ്സമ്മൽ (25) എന്നിവരെ പിന്നീട് പാലക്കാട്ടുനിന്ന് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്നവർ ഉൾപ്പെടെ പതിനഞ്ചോളം പേർക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്.സംഭവത്തിനുശേഷം നൗഷാദ് കാസർകോട്ടെ സുഹൃത്തിനടുത്ത് എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. സുഹൃത്തിനോട് പണം വാങ്ങി ഉള്ളാളെ ആരാധനാകേന്ദ്രത്തിൽ പോയി മടങ്ങുംവഴിയാണ് തിങ്കളാഴ്ച രാവിലെ കാസർകോട് പോലീസിന്റെ സഹായത്തോടെ കൊല്ലത്തുനിന്നുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.പ്രതി കാസർകോട്ട് എത്തിയെന്നറിഞ്ഞ് പോലീസ് തിരച്ചിൽ നടത്തിയിരുന്നു. നൗഷാദിന്റെ കുടുംബാംഗങ്ങളിൽ ചിലർ കാസർകോട്ട് നേരത്തേ താമസിച്ചിരുന്നതായും അതുവഴി ഇയാൾക്ക് പ്രാദേശികമായ ചില ബന്ധങ്ങളുണ്ടായിരുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. തൊടിയൂർ സ്വദേശിയായ യുവാവും കോയിവിള സ്വദേശിയായ യുവതിയും തമ്മിലുള്ള കുടുംബപ്രശ്‌നം പാലോലിക്കുളങ്ങര ജമാഅത്തിൽവച്ച് ചർച്ചചെയ്യുന്നതിനിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ മർദനമേറ്റാണ് സലിം മണ്ണേൽ മരിച്ചത്. ജമാഅത്ത് പ്രസിഡന്റുകൂടിയാണ് സലിം മണ്ണേൽ.