പാലക്കാട്: സോഫ്റ്റ്‌വെയർ എൻജിനീയറിങ് ബിരുദധാരിയായ ആർ.ശ്വേത സ്ഥാപിച്ച ‘ഷി ബെർത്ത്’ എന്ന സ്റ്റാർട്ടപ് നാട്ടിൽ വലിയ ചർച്ചയാകുകയാണ്. പ്രസവത്തിനും കോച്ചിംഗ് എന്നതാണ് ശ്വേതയുടെ സംരംഭത്തിന്റെ ആശയം. പ്രസവകാല ആശങ്കകളെ കുറിച്ച് ഗർഭിണികൾക്ക് കൃത്യമായ മാർഗനിർദ്ദേശം നൽകാൻ പരിചയസമ്പന്നയായ മിഡ്‌വൈഫ്, ഡയറ്റീഷ്യൻ, സൈക്കോളജിസ്റ്റ്, ഫിസിയോതെറപ്പിസ്റ്റ് എല്ലാം ഉൾപ്പെടുന്ന സംഘം ഇവിടെ തയ്യാറാണ്.പാലക്കാട് സ്റ്റാർട്ടപ് മിഷനിൽ റജിസ്റ്റർ ചെയ്ത, ഏറെ ശ്രദ്ധേയമായ സ്റ്റാർട്ടപ്പുകളിലൊന്നാണ് ‘ഷി ബെർത്ത്’. ഗർഭിണികൾക്ക് ഉണ്ടാകുന്ന ആശങ്കകൾ ആരോടു ചോദിക്കും? ഗൈനക്കോളജിസ്റ്റിനു തിരക്കാകും. വീട്ടുകാരും സുഹൃത്തുക്കളും പറയുന്നതു ശരിയാകണമെന്നില്ല. ഗൂഗിളിലെ വിവരങ്ങൾ വായിച്ചാൽ കൺഫ്യൂഷനാകും. ഈ സാഹചര്യത്തിലാണു ഗർഭിണികളുടെ എല്ലാ സംശയങ്ങളും ആശങ്കകളും ചോദിച്ചറിയുന്നതിനായി പ്രത്യേക സംഘത്തെ ഒരുക്കുകയും മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കുകയും ചെയ്തത്. ‘സുഖപ്രസവം’ എന്ന പദ്ധതിയുടെ ഭാഗമായി സന്തോഷകരമായ ഗർഭകാലം അനുഭവിച്ച 1600ൽ അധികം അമ്മമാർ ‘കോച്ച്’ സൂപ്പറെന്നു പറയുന്നു.ഉപദേശത്തിനു പുറമേ കൃത്യമായ ഭക്ഷണം, വ്യായാമം, മാനസികോല്ലാസം എന്നിവയെല്ലാം ഗർഭകാലത്തു ലഭിക്കുമെന്നതിനാൽ പ്രസവ സമയത്തെ സങ്കീർണതകൾ ഒഴിവാക്കാൻ കഴിയുന്നതായും ശ്വേത പറയുന്നു. ഭൂരിഭാഗം പേരിലും സിസേറിയൻ ഒഴിവായി. ചിറ്റൂർ സ്വദേശികളായ രക്ഷിതാക്കളുടെ മകളായ ശ്വേത കോയമ്പത്തൂരാണു ജനിച്ചതും വളർന്നതുമെല്ലാം. പല രാജ്യങ്ങളിലും ‘പ്രഗ്നൻസി കോച്ചുകൾ ’ വ്യാപകമാണെങ്കിലും ഇന്ത്യയിൽ അത്ര സജീവമല്ല. ഈ വിഷയത്തിൽ രാജ്യാന്തര സർട്ടിഫിക്കറ്റ് നേടിയ ശേഷമാണു ശ്വേത സ്റ്റാർട്ടപ് ആരംഭിക്കുന്നത്.ഇതു മാത്രമല്ല, സംസ്ഥാന സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം, പാലക്കാട് മാനേജ്മെന്റ് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ പോളിടെക്നിക് കോളജിലെ സ്റ്റാർട്ടപ് മിഷന്റെ ‘സ്റ്റാർട്ടപ് ഇൻകുബേറ്ററി’ൽ ഇതുപോലെ വ്യത്യസ്തമായ ഒട്ടേറെ ആശയങ്ങളും പദ്ധതികളും ഉള്ള സ്റ്റാർട്ടപ്പുകൾ ഉണ്ട്.