കോട്ടക്കൽ: കോട്ടക്കൽ നഗരസഭയിലെ സിപിഎമ്മിന്റെ ചാണക്യതന്ത്രങ്ങളെല്ലാം പൊളിച്ച് മുസ്ലീം ലീഗ്. സിപിഎം പിന്തുണയോടെ ചെയർപേഴ്‌സണായ മുഹ്സിന പൂവൻമഠത്തിലും വൈസ് ചെയർമാൻ പി.പി. ഉമ്മറും രാജിവെച്ചു. ഇവർക്കൊപ്പമുള്ള സ്ഥിരം സമിതി അധ്യക്ഷ പുതുക്കിടി മറിയാമുവും രാജി വെച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് സിപിഎം പിന്തുണയോടെ നേടിയ സ്ഥാനങ്ങളൊഴിയാൻ തീരുമാനമായത്.മറുവിഭാഗത്തിലെ സ്ഥിരം സമിതി അധ്യക്ഷന്മാരായ ആലമ്പാട്ടിൽ റസാഖ് ഒഴികെയുള്ള പി.ടി. അബ്ദു, പറൊളി റംല എന്നിവരും രാജിവെച്ചിട്ടുണ്ട്. നിലവിലെ വികസന സ്ഥിരം സമിതി അധ്യക്ഷ ഡോ. ഹനീഷ ഒഴികെയുള്ള മുഴുവൻ അധ്യക്ഷന്മാരോടും രാജിവെക്കാൻ സംസ്ഥാന നേതൃത്വം നിർദേശം നൽകിയിരുന്നു. രാവിലെയാണ് ചെയർപേഴ്‌സൻ രാജി സമർപ്പിച്ചത്. മറ്റുള്ളവർ വൈകീട്ടും രാജിക്കത്ത് നൽകി. നഗരസഭ സെക്രട്ടറി ആർ. കുമാർ രാജി സ്വീകരിച്ചു.ഡോ. ഹനീഷ, ചെരട മുഹമ്മദലി എന്നിവരെ പുതിയ സാരഥികളാക്കാനാണ് മുസ്‍ലിം ലീഗ് ജില്ല കമ്മിറ്റി ഓഫിസിൽ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലെ തീരുമാനം. വിഭാഗീയത അതിരുകടന്നതോടെയാണ് കോട്ടക്കൽ മുനിസിപ്പൽ മുസ്‍ലിം ലീഗ് കമ്മിറ്റി പിരിച്ചുവിട്ടത്.അതേസമയം, സി.പി.എമ്മിന്റെ പിന്തുണയോടെ ഭരണം അട്ടിമറിച്ചവർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ മറുഭാഗം കടുത്ത അതൃപ്തിയിലാണ്. നേരത്തെ തീരുമാനിച്ച സ്ഥിരംസമിതി അധ്യക്ഷ സ്ഥാനങ്ങൾ ലഭിക്കാനുള്ള നീക്കത്തിൽ സ്വന്തം സ്ഥാനങ്ങളും കൈവിട്ടുപോയതിന്റെ ക്ഷീണത്തിലാണ് ഇവർ. നിലവിൽ മുതിർന്ന നേതാവ് അബ്ദുറഹ്‌മാൻ രണ്ടത്താണി കൺവീനറായ അഡ്ഹോക്ക് കമ്മിറ്റിക്കാണ് കോട്ടക്കലിന്റെ ചുമതല.