കൊച്ചി: നവകേരള സദസ്സ് പരിപാടിക്കിടെ ഡിവൈഎഫ്ഐയുടെ മർദനത്തിന് സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം ഇരയായ സംഭവത്തിൽ പാർട്ടി അന്വേഷണം നടത്തണമെന്ന് സിപിഎം ജില്ലാ നേതൃത്വം. വിഷയം അടിയന്തിരമായി അന്വേഷിക്കുന്നതിന് ഏരിയാ സെക്രട്ടറിക്ക് നിര്‍ദേശം നൽകിയെന്ന് സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ പറഞ്ഞു. സി.പി.എം. തൃക്കാക്കര ഏരിയാ കമ്മറ്റി അന്വേഷണം നടത്തും. പാർട്ടി പ്രവർത്തകനെ മർദിച്ചതിൽ മാത്രമാണ് അന്വേഷണം.വെള്ളിയാഴ്ചയാണ് മറൈന്‍ ഡ്രൈവില്‍ നടന്ന എറണാകുളം മണ്ഡലത്തിലെ നവകേരള സദസ്സിനിടെ സി.പി.എം. തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മറ്റിയം​ഗം റയീസിന് മര്‍ദനമേറ്റത്. ഡിഎസ്എ പ്രവര്‍ത്തകനാണെന്ന് കരുതിയാണ് മര്‍ദിച്ചത്. ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ഡിഎസ്എ പ്രവര്‍ത്തകരെ വളഞ്ഞിട്ടാക്രമിക്കുന്നതിനിടെയായിരുന്നു റെയീസിനും മര്‍ദനമേറ്റത്. നവകേരള സദസ്സിനിടെ ഡിഎസ്എ പ്രവര്‍ത്തകർ ലഘുലേഖ വിതരണം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. പരിപാടി നടക്കുന്ന സദസ്സില്‍ ഇവര്‍ക്കടുത്തായിട്ടായിരുന്നു റയീസ് ഇരുന്നത്. ഒരു ഫോൺകോൾ വന്നതിനെ തുടർന്ന് പുറത്തിറങ്ങിയ റയീസിനെ അഞ്ചുപേർ തടയുകയും ഫോൺ പരിശോധിച്ചതിന് ശേഷം വിട്ടയക്കുകയും ചെയ്തു. തുടർന്ന് പുറത്തേക്ക് നീങ്ങിയ തന്നെയും കൂട്ടം ചേർന്ന് മര്‍ദിക്കുകയായിരുന്നുവെന്നും ഇയാൾ ആരോപിച്ചു.പരിക്കുകളോടെ ഇന്ദിരാ​ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്. മര്‍ദനമേറ്റ തനിക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റയീസ് മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് സ്‌റ്റേഷനില്‍നിന്ന് തന്നെ പുറത്തിറക്കാന്‍ എത്തിയത് ബ്രാഞ്ച് സെക്രട്ടറിയാണെന്നും റയീസ് അവകാശപ്പെട്ടു. കൈയ്ക്കും തലയ്ക്കുമുള്‍പ്പെടെ പരിക്കുണ്ട്.പാർട്ടി പ്രവർത്തകനാണെന്ന് പറഞ്ഞിട്ടും മർദനം തുടർന്നു. ശനിയാഴ്ച വൈകീട്ട് റയീസ് ആശുപത്രിയിൽ ചികിത്സ തേടി. പാർട്ടിയിൽ ഇനി പ്രവർത്തിക്കാനില്ലെന്ന് റയീസ് പറഞ്ഞു.“പോലീസ് കസ്റ്റഡിയിലെടുത്ത എന്നെ ബ്രാഞ്ച് സെക്രട്ടറിയെത്തിയാണ് ജാമ്യത്തിലെടുത്തത്. ഒന്നരവർഷം മുൻപാണ് പാർട്ടിയംഗമായത്. അടികൊള്ളാനായി ഇനി പാർട്ടിയിലേക്കില്ല” -റയീസ് പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!