കോതമംഗലം: ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പതിനൊന്ന് വർഷത്തിന് ശേഷം പിടിയിൽ. മാതിരപ്പിള്ളി ആയുര്‍വേദ ആശുപത്രിക്ക് സമീപം കണ്ണാടിപ്പാറ വീട്ടില്‍ ഷാജി (56) ആണ് അറസ്റ്റിലായത്. 2012 ഓഗസ്റ്റ് 8-ന് രാവിലെയാണ് ഷാജിയുടെ ഭാര്യ ഷോജി (34) കൊല്ലപ്പെട്ടത്. സ്വർണം കൈക്കലാക്കാനുള്ള ശ്രമത്തിനിടെ ആണ് കൊലപാതകം നടന്നത്. ടൈല്‍ മുറിക്കുന്ന ഇലക്ട്രിക് കട്ടിങ് മെഷീനില്‍ ഉപയോഗിക്കുന്ന ബ്ലേഡ് ഉപയോഗിച്ച് ആയിരുന്നു കൊലപാതകം. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആണ് കേസ് അന്വേഷിച്ചത്.2012 ജനുവരിയില്‍ ഓട്ടോ ഡ്രൈവറെ കട്ടിങ് മെഷീന്‍ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച സംഭവത്തില്‍ ഷാജിയുടെ പേരില്‍ വധശ്രമത്തിന് കേസുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. ഷോജിയുടെ കഴുത്തെല്ലിനുണ്ടായ പൊട്ടലും മുറിപ്പാടിന്റെ വീതിയും കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലയ്ക്ക് ഉപയോഗിച്ച ആയുധം സംബന്ധിച്ച സൂചന ലഭിച്ചത്. അതിനൊപ്പം ഷോജി കൊല്ലപ്പെട്ട് കിടന്ന പായയുടെ അടിയില്‍നിന്ന് ഷാജിയുടെ ചില രേഖകള്‍ കണ്ടെത്തിയതും നിര്‍ണായകമായെന്ന് ഡിവൈ.എസ്.പി. വൈ.ആര്‍. റസ്റ്റം പറഞ്ഞു.പെണ്‍ സുഹൃത്തിന് നല്‍കാനാണ് സംഭവ ദിവസം സ്വര്‍ണാഭരണം എടുക്കാന്‍ ഷാജി വീട്ടില്‍ എത്തിയത്. അലമാരയില്‍നിന്ന് സ്വര്‍ണം എടുക്കുന്നത് ഷോജി കണ്ടത് തര്‍ക്കത്തിന് ഇടയാക്കി. ആഭരണങ്ങള്‍ ഷാജിക്ക് നല്‍കാന്‍ ഷോജി തയ്യാറായില്ല. ഇതിന്റെ പേരിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു. സംഭവശേഷം സമര്‍ഥമായി ഷാജി വീട്ടില്‍ നിന്ന് കടന്നുകളയുകയായിരുന്നു.വ്യാഴാഴ്ച രാവിലെ 6-നാണ് മാതിരപ്പിള്ളിയിലെ വീട്ടില്‍നിന്ന് ഷാജിയെ കസ്റ്റഡിയിലെടുത്തത്. തികച്ചും അപ്രതീക്ഷിതമായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം. വീട്ടില്‍നിന്ന് കോതമംഗലം പി.ഒ. ജങ്ഷനു സമീപത്ത് ഷാജി മുന്‍പ് കാര്‍ഷിക-നിര്‍മാണ ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കിയിരുന്ന കടമുറിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് കോതമംഗലം പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ വെച്ചാണ് പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് 1.30-ഓടെ ഷാജിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി. കുറ്റം ചെയ്തിട്ടില്ലെന്നും പോലീസ് തന്റെമേല്‍ കേസ് കെട്ടിവെച്ചതാണെന്നുമായിരുന്നു ഷാജിയുടെ പ്രതികരണം.കോതമംഗലം പോലീസ് നടത്തിയ അന്വേഷണത്തില്‍ കേസ് തെളിയാതെ വന്നപ്പോഴാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. മെഷീന്‍ബ്ലേഡ് ഷാജി നശിപ്പിച്ചു. മെഷീന്‍ കണ്ടെടുക്കുകയും ചെയ്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!