കോഴിക്കോട്: പോലീസിന് കിട്ടിയ രഹസ്യത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ. പേരാമ്പ്ര പന്നിമുക്കിൽ വച്ചാണ് കാറിൽ മാരക നിരോധിത ലഹരിമരുന്ന് പിടികൂടിയത്. ചേരാപുരം ചെറിയവരപുറത്ത് ചെറുവണ്ണൂർ സ്വദേശിനി അനുമോൾ വലിയ പറമ്പിൽ മീത്തൽ, ചേരാപുരം സ്വദേശി അജ്മൽ വി സി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പേരാമ്പ്ര ഡി വൈ എസ് പിക്ക് രഹസ്യവിവരം ലഭിക്കുകയും ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.പേരാമ്പ്രയിൽ നിന്നും എം ഡി എം എയുമായി യുവതിയും യുവാവും വടകര റൂട്ടിൽ കാറിൽ പോകുന്നുണ്ടെന്നായിരുന്നു ഡി വൈ എസ് പിക്ക് ലഭിച്ച രഹസ്യവിവരം. ഇതിന് പിന്നാലെ മേപ്പയ്യൂർ പൊലീസും ഡി വൈ എസ് പിയുടെ പേരാമ്പ്രയിലെ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് യുവാവും യുവതിയും അറസ്റ്റിലായത്. ഇവരിൽ നിന്നും 14.500 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു .പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും ലഹരിക്കെതിരെ ഇനിയും ശക്തമായ നടപടികൾ എടുക്കുമെന്നും പൊലീസ് അറിയിച്ചു. പേരാമ്പ്രയിൽ കോഴിക്കോട് ജില്ലാ കലോത്സവം നടക്കുന്ന പ്രദേശത്തിന് സമീപത്തായുള്ള സ്ഥലത്ത് നിന്നാണ് എം ഡി എം എ പിടികൂടിയിരിക്കുന്നത്.