തിരുവനന്തപുരം: യുവ ഡോക്ടറുടെ ആത്മഹത്യയിൽ അന്വേഷണം റുവൈസിന്റെ പിതാവിലേക്കും. ഇയാളെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഡോക്ടർ ഷഹ്നയുടെ കുടുംബത്തിന്റെ മൊഴി പ്രകാരം സ്ത്രീധനം ചോദിച്ചതില്‍ പിതാവിനും പങ്കുണ്ട്. ചോദ്യംചെയ്ത ശേഷം പ്രതി ചേര്‍ക്കണമോയെന്ന് തീരുമാനിക്കും. റുവൈസിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കുമോയെന്ന കാര്യവും പൊലീസ് പരിശോധിക്കും.അതേസമയം, പ്രതി റുവൈസിനു ജാമ്യം നൽകരുതെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തണമെന്നുമാണ് മെഡിക്കൽ കോളജ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച് സ്ത്രീധനം പോലുള്ള വിപത്തിന്റെ വക്താവായി മാറിയ പ്രതി, ഭാവി പ്രതീക്ഷയായ യുവ ഡോക്ടറെ ആത്മഹത്യയിലേക്കു നയിച്ചു. പ്രതിയുടെ നീച പ്രവൃത്തി അപരിഷ്കൃതവും നിയമങ്ങളുടെ ലംഘനവുമാണ്. സ്ത്രീധന നിരോധന നിയമപ്രകാരം കരുനാഗപ്പള്ളി, വെഞ്ഞാറമൂട് തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന, കുറ്റകൃത്യത്തിനിടയാക്കിയ ചടങ്ങുകളെക്കുറിച്ച് അന്വേഷിക്കണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.