കൊച്ചി: ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കാമുകിയുടെ കുഞ്ഞ് മറ്റൊരാളിന്റേതായിരുന്നതിനാലാണ് കൊലപ്പെടുത്തിയത് എന്നാണ് പ്രതിയായ ഷാനിഫ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കുഞ്ഞ് ജനിച്ച അന്നുതന്നെ കൊലപ്പെടുത്താൻ തീരുമാനിച്ചിരുന്നെന്നും ഇയാൾ വെളിപ്പെടുത്തി.ഇൻസ്റ്റാഗ്രാം വഴിയാണ് ഷാനിഫും യുവതിയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഈ സമയം മറ്റൊരാളിൽ നിന്നും യുവതി നാലുമാസം ഗർഭിണിയായിരുന്നു. കുഞ്ഞിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു എന്നാണ് സൂചന. കുഞ്ഞ് ജനിച്ചപ്പോൾ തന്നെ കൊലപ്പെടുത്താൻ തീരുമാനിച്ചിരുന്നെന്നും ഒരു മാസത്തോളമായി അവസരത്തിനായി കാത്തിരുന്നുവെന്നും പ്രതി പൊലീസിന് മൊഴിനൽകി. ലോഡ്ജിൽ മുറി എടുത്തത് കൊല്ലാൻ ഉറപ്പിച്ചാണെന്നും ഷാനിഫ് പൊലീസിനോട് പറഞ്ഞു. കുഞ്ഞിനെ കൊല്ലാൻ ആസൂത്രണം ചെയ്താണ് പ്രതി ലോഡ്ജിൽ മുറിയെടുത്തതെന്നാണ് ഇതോടെ വ്യക്തമാകുന്നത്.അതേസമയം, താൻ ഉറങ്ങുകയായിരുന്നുവെന്നും കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് യുവതിയുടെ മൊഴി. എന്നാലിത് പൊലീസ് വിശ്വസിച്ചിട്ടില്ല. കൊലപാതകത്തിൽ ഷാനിഫിനൊപ്പം കുഞ്ഞിൻറെ അമ്മയ്ക്കും പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കൊലപാതകത്തിന് ശേഷം കുഞ്ഞിന്റെ മരണം ഉറപ്പാക്കാൻ പ്രതി ഷാനിഫ് കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചുവെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചത്. ഞായറാഴ്ച രാവിലെ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയിൽ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകൾ കണ്ട ഡോക്ടർ സംശയത്തെ തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമെന്ന വിവരം പുറത്തറിയുന്നത്. ഉടൻ അമ്മയെയും പങ്കാളിയെയു പൊലീസ് കസ്റ്റഡിയിലെടുത്തു. തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചതെന്നാണ് പ്രാഥമിക വിവരം.