അടൂര്‍: ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പത്മകുമാറിന്റെ മൊഴി പുറത്ത്. നഴ്സിങ് പ്രവേശനം സംബന്ധിച്ച സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തെങ്കാശിയില്‍നിന്ന് പിടിയിലായ ഇയാൾ മൊഴി നല്കിയതായിട്ടാണ് വിവരം. ഇക്കാര്യം പോലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.മകളുടെ നഴ്സിങ് പ്രവേശനത്തിന് ആറു വയസുകാരിയുടെ പിതാവിന് പത്മകുമാര്‍ പണം നല്‍കിയിരുന്നു. മകള്‍ക്ക് അഡ്മിഷന്‍ ലഭിച്ചില്ല. നല്‍കിയ പണം തിരികെ ചോദിച്ചെങ്കിലും മടക്കിനല്‍കാന്‍ കുട്ടിയുടെ പിതാവ് തയ്യാറായില്ല. ഇതില്‍ പ്രകോപിതനായാണ് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ പിതാവിനെ സമ്മര്‍ദത്തിലാക്കാന്‍ ചെയ്തുപോയതാണെന്നാണ് പത്മകുമാറിന്റെ മൊഴി.കേരള – തമിഴ്നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ കവിത, മകള്‍ അനുപമ എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് പിടിയിലായത്. തെങ്കാശിയിലെ ചെങ്കോട്ടയ്ക്കും പുളിയറൈയ്ക്കും ഇടയ്ക്കുള്ള ഹോട്ടലില്‍വെച്ച് ഉച്ചഭക്ഷണം കഴിക്കവേയാണ് കൊല്ലത്തെ ഡാന്‍സാഫ് സംഘം ഇവരെ പിടികൂടിയത്.സംഭവം നടന്ന് അഞ്ചാംനാളാണ് പ്രതികളെ പിടികൂടുന്നത്. തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ നഴ്‌സിങ് പരീക്ഷാ തട്ടിപ്പ് സംഘത്തിന് ബന്ധമുണ്ടോയെന്ന് പോലീസ് നേരത്തെ തന്നെ സംശയിച്ചിരുന്നു.നഴ്സിങ് മേഖലയിലെ ഒരു സംഘടനയുടെ ജില്ലാ ഭാരവാഹിയാണ് കുട്ടിയുടെ പിതാവ്. അങ്ങനെയുള്ള ഒരാളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിലപേശലിലൂടെ പണം തട്ടുകയായിരുന്നോ ഇവരുടെ ലക്ഷ്യം എന്നാണ് പോലീസ് പരിശോധിച്ചത്. ഇതിനിടയിലാണ് പദ്മകുമാറിന്റെ മൊഴി പുറത്തുവരുന്നത്.സാമ്പത്തിക തർക്കങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ഏത് രീതിയിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇത്തരമൊരു പ്രവർത്തിയിലേക്ക് ഇവരെ എത്തിച്ചത് എന്നതിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പത്മകുമാറിന്റേത് ഒറ്റപ്പെട്ട ജീവിതമെന്ന് പ്രദേശവാസികൾ പറഞ്ഞു. ആരോടും സംസാരിക്കുകയോ സഹകരിക്കുകയോ ചെയ്യാറില്ല. കേബിൾ ടിവി ബിസിനസ് ആയിരുന്നു ആദ്യം ഇയാളുടെ ജോലി. പിന്നീട് റിയൽ എസ്റ്റേറ്റിലേക്ക് തിരിഞ്ഞു. കൂടാതെ ഇവർക്ക് സ്വന്തമായി ഒരു ബേക്കറി നടത്തുന്നുണ്ട്. ഈ ബേക്കറിയുടെ കാര്യങ്ങൾ നോക്കി നടത്തുന്നത് പത്മകുമാറിന്റെ ഭാര്യയാണ്. ഇവര്‍ക്ക് ജോലിയില്ല. ഇവർക്ക് ഫാം ഉള്ളതായും നാട്ടുകാർ പറഞ്ഞു. ഇയാൾ രണ്ട് കാറുകളുണ്ട്.