കൊല്ലം: ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഘത്തിലെ സ്ത്രീയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. കല്ലമ്പലം ഞെക്കാട് വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയെന്നാണ് പൊലീസിന് സംശയം. വാടക വീട് പരിശോധന നടത്തി കേരളാ പൊലീസ്. സ്ത്രീയെക്കുറിച്ച് കൂടുതലറിയാനായി ഇവരുടെ ചിത്രം കുട്ടിയെ കാണിച്ച് വ്യക്തത വരുത്താനാണ് പൊലീസിന്റെ തീരുമാനം.ഞെക്കാട്ടെ വീട്ടിൽ പൊലീസ് പരിശോധിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ കണ്ടെത്തിയത്. ഇവിടെയെത്തിയ വിദ്യാർത്ഥികളാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ വിവരം പൊലീസുകാരെ അറിയിച്ചു. പൊലീസെത്തി കുട്ടി അബിഗേലാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.