കൊച്ചി: നവകേരള സദസിനായി വീണ്ടും കുട്ടികളെ ഇറക്കിയതോടെ വിമർശനവുമായി ഹൈക്കോടതി. കാഴ്ച വസ്തുക്കളാക്കാൻ ഉള്ളവരല്ല കുട്ടികളെന്ന് കോടതി പറഞ്ഞു. എല്ലാ കുട്ടികളെയും വി.ഐ.പികളായി പരിഗണിക്കണം. ഹെഡ് മാസ്റ്റർമാർ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും കോടതി ചോദിച്ചു. മലപ്പുറത്ത് നവകേരള സദസിന് വിദ്യാർഥികളെ അണിനിരത്തിയ ദൃശ്യങ്ങൾ ഹർജിക്കാർ കോടതിയിൽ ഹാജരാക്കിയിരുന്നു. കുട്ടികളെ പങ്കെടുപ്പിക്കില്ല എന്ന സർക്കാരിൻ്റെ ഉറപ്പ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി എംഎസ്.എഫ് നൽകിയ ഉപഹർജിയിലാണ് കോടതിയുടെ പരാമർശങ്ങൾ. ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉപഹർജി മറ്റന്നാൾ പരിഗണിക്കാനായി മാറ്റി. കഴിഞ്ഞ ദിവസവും നവകേരള സദസിനായി കുട്ടികളെ റോഡിലിറക്കിയിരുന്നു.മലപ്പുറം എടപ്പാളില്‍ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അഭിവാദ്യം ചെയ്യാനായി കൊച്ചുകുട്ടികളെ ഇന്നലെ ഒരു മണിക്കൂറോളം നേരം റോഡിരികില്‍ നിര്‍ത്തി. എടപ്പാള്‍ തുയ്യം ഗവണ്‍മെന്‍റ് എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ഉച്ചയ്ക്ക് ഒന്നരയോടെ റോഡരികില്‍ നിര്‍ത്തിയത്. സ്കൂള്‍ കുട്ടികളെ നവകേരളാ സദസില്‍ പങ്കെടുപ്പിക്കണമെന്ന് മലപ്പുറം ഡി ഡി ഇയുടെ ഉത്തരവ് പിന്‍വലിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കുട്ടികളെ ചൂഷണം ചെയ്യാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പരാമര്‍ശിച്ച കോടതി ഡിഡിഇയുടെ ഉത്തരവിനെതിരായ ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തു. ഇതിന് തൊട്ടു പിന്നാലെയാണ് മലപ്പുറം എടപ്പാളിലെ തുയ്യം ഗവണ്‍മെന്‍റ് എല്‍ പി സ്കൂളിലെ കുട്ടികളെ റോഡിലിറക്കി നിര്‍ത്തിയത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!