കൊല്ലം: ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഞെക്കാട്ടെ സ്ത്രീയ്ക്ക് ബന്ധമില്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിന് പിന്നിലെന്ന് സംശയിച്ച സ്ത്രീയുടെ ഫോട്ടോ ഓട്ടോ ഡ്രൈവർ തിരിച്ചറിഞ്ഞില്ലെന്നാണ് വിവരം. ഈ സ്ത്രീയുടെ വീട്ടിൽ പോലീസ് പരിശോധനയും നടത്തിയിരുന്നു. ഡ്രൈവർ ഉൾപ്പെടെ തിരിച്ചറിയാത്ത സാഹചര്യത്തിൽ ഞെക്കാട്ടെ വാടകവീട്ടിലെ സ്ത്രീക്ക് കേസുമായി ബന്ധമില്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, തിരുവനന്തപുരം- കൊല്ലം അതിർത്തി മേഖലകളിൽ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.കല്ലമ്പലം ഞെക്കാട്ടെ വീട്ടിലായിരുന്നു പരിശോധന. ഈ വീട്ടിൽ താമസിച്ചുവരുന്ന സ്ത്രീയെക്കുറിച്ച് പൊലീസ് അന്വേഷിച്ചു. ചിട്ടിയുൾപ്പെടെ സാമ്പത്തിക ഇടപാടുകൾ നടത്തുന്നയാളാണ് സ്ത്രീയെന്നായിരുന്നു പൊലീസിൻ്റെ കണ്ടെത്തൽ. എന്നാൽ ഈ വീട്ടിൽ കഴിഞ്ഞ നാല് ദിവസമായി ആളില്ലെന്നാണ് വീട്ടുടമ പറഞ്ഞത്. നാല് ദിവസമായി അവരെ കാണാനില്ല. ഇവർക്ക് ലോട്ടറി കച്ചവടവുമുണ്ടെന്ന് വീട്ടുടമയുടെ മൊഴിയിലുണ്ട്. അതിനിടെ, സ്ത്രീയുടെ ഫോട്ടോ കുട്ടിയെ കാണിക്കാനായി കൊല്ലത്തേക്ക് കൊണ്ടുപോയിരുന്നു. കുട്ടിയെ കാണിച്ച് സ്ഥിരീകരിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. എന്നാൽ ഈ സ്ത്രീക്ക് കുറ്റകൃത്യങ്ങളിൽ പങ്കില്ലെന്നാണ് വിവരം