തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ തുടരുന്നു. തെക്കൻ കേരളത്തിലാണ് കനത്ത മഴ പെയ്യുന്നത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വരും മണിക്കൂറുകളിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.മഴ കനത്തതോടെ പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ടും, തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ചവരെ കനത്തമഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വെള്ളിയാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലും മഞ്ഞ മുന്നറിയിപ്പുണ്ട്.തിരുവനന്തപുരം നഗരത്തിലും ശക്തമായ മഴ തുടരുകയാണ്. നഗരത്തിൽ മുറിഞ്ഞപാലം കോസ്‌മോ ആശുപത്രിക്ക് സമീപം തോട് കരകവിഞ്ഞൊഴുകി നിരവധി വീടുകളിൽ വെള്ളം കയറി. പൊൻമുടി. കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. ഗൗരീശപട്ടം പാലം പൂർണമായും മുങ്ങി. തീരദേശമേഖലകളിലും കടലാക്രമണം രൂക്ഷമാണ്.