പത്തനംതിട്ട: റോബിൻ ബസിന് നേരേ വീണ്ടും സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ നടപടി. കോയമ്പത്തൂരിൽ നിന്നുള്ള മടക്ക യാത്രയ്ക്കിടെയാണ് ഇക്കഴിഞ്ഞ രാത്രിയിൽ എംവിഡി ഉദ്യോഗസ്ഥർ റോബിൻ ബസ് തടഞ്ഞത്. പത്തനംതിട്ട മൈലപ്രയിൽവച്ച് ബസ് തടഞ്ഞ ഉദ്യോഗസ്ഥർ 7,500 രൂപ പിഴ അടപ്പിച്ച ശേഷമാണ് വാഹനം സർവീസ് തുടരാൻ അനുവദിച്ചത്. വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു എംവിഡി ഉദ്യോഗസ്ഥർ വാഹനം തടഞ്ഞത്. പിഴ അടച്ച ശേഷം സർവീസ് തുടർന്ന റോബിൻ ബസ് നിലവിൽ കോയമ്പത്തൂരിലേക്കുള്ള യാത്രയിലാണ്.പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി റോബിൻ ബസിനെ കഴിഞ്ഞ ദിവസമാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരിലേക്ക് സർവീസ് നടത്തിയ ബസ് വാളയാർ അതിർത്തി കടന്നപ്പോഴാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ബസ് 10,000 രൂപ പിഴ അടച്ചതിന് ശേഷമാണ് ഉടമയായ ഗിരീഷിന് വിട്ടുനൽകിയത്. പെർമിറ്റ് ലംഘനത്തിനാണ് പിഴ ഈടാക്കിയത്. കോയമ്പത്തൂർ സെൻട്രൽ ആർടിഒയുടെതാണ് നടപടി.മുൻകൂർ ബുക്ക് ചെയ്ത യാത്രക്കാരുമായി സർവ്വീസ് നടത്താൻ റോബിൻ ബസിന് ഹൈക്കോടതി നൽകിയ ഇടക്കാല അനുമതി രണ്ടാഴ്ചകൂടി നീട്ടിയിരുന്നു. ബസ് ഉടമയുടെ അഭിഭാഷകൻ മരിച്ച സഹാചര്യത്തിൽ പുതിയ അഭിഭാഷകനെ ചുമതലപ്പെടുത്താനുള്ള സാവകാശം കൂടി കണക്കിലെടുത്തായിരുന്നു കോടതിയുടെ തീരുമാനം. റോബിൻ ബസ് നിയമ ലംഘനങ്ങൾ തുടരുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിയമ ലംഘനത്തിന് തമിഴ്നാട് സർക്കാർ നടപടിയെടുത്തതായി പത്രങ്ങളിലൂടെ അറിഞ്ഞെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.