ദുബായ്: കരാമയിൽ കഴിഞ്ഞ മാസമുണ്ടായ ഗ്യാസ് സിലിണ്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു മലയാളി കൂടി മരിച്ചു. ദുബായ് റാശിദ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന തലശ്ശേരി പുന്നോല്‍ സ്വദേശി നഹീല്‍ നിസാറാണ് (26) മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.ഒക്ടോബര്‍ 17-ന് അര്‍ധരാത്രിയാണ് കരാമ ബിന്‍ ഹൈദര്‍ ബില്‍ഡിങ്ങില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്. മലപ്പുറം പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ല, പരിക്കേറ്റ് ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി നിധിന്‍ദാസ് എന്നിവര്‍ നേരത്തേ മരിച്ചു.ഇന്ന് രാവിലെ മരിച്ച നഹീല്‍ നിസാര്‍ ഡമാക്ക് ഹോള്‍ഡിങ് ജീവനക്കാരനാണ്. പുന്നോല്‍ കഴിച്ചാല്‍ പൊന്നബത്ത് പൂഴിയില്‍ നിസാറിന്റെയും ഷഫൂറയുടെയും മകനാണ്. മൃതദേഹം ദുബായില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരു യുവാവുകൂടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു.