കാസർകോട്: നവകേരളത്തിന്റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസിന് കാസർകോട് തുടക്കമായി. ‘നവകേരള സദസ്സി’ലേക്ക് എത്തിയ ആദ്യ പരാതി ബീവറേജ് കോർപ്പറേഷനെതിരെ ആണെന്നാണ് പുറത്തു വരുന്ന വാർത്ത. ബവ്കോയിലൂടെ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നുവെന്ന് ആരോപിച്ച് കാസർകോട് സ്വദേശി വിശ്വംബരൻ കരിച്ചേരിയാണ് പരാതി നൽകിയത്.ഗോവൻ മദ്യവുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിൽ ബെവ്‌കോ വിൽക്കുന്ന മദ്യം ലഹരിയുള്ളതല്ലെന്നും എന്നാൽ കേരളത്തിൽ മദ്യം കൂടിയ വിലയ്ക്കാണ് വിൽക്കുന്നതെന്നും വിശ്വംബരൻ പരാതിയിൽ പറയുന്നു. ‘പ്രിയപ്പെട്ട മുഖ്യമന്ത്രി, കള്ളിന് കിക്ക് കിട്ടുന്നില്ല. ഗോവ സാധനം ക്വാർട്ടർ കിട്ടുന്നില്ല, മത്തുമില്ല. ദിവസം 400 രൂപ കൊടുത്ത് കുടിക്കാൻ പറ്റുന്നില്ല. ഇപ്പോൾ എന്തെങ്കിലും ചെയ്യണം.’’- സ്വന്തം കൈപ്പടിയിൽ എഴുതിയ അഞ്ചുവരി കത്തിൽ വിശ്വംബരൻ പറയുന്നു.കാസർകോട് ടൗൺ ഭണ്ഡാരി റോഡിലുള്ള ബവ്‌കോ ഔട്ട്‌ലെറ്റിലെ സ്റ്റോർ ഇൻചാർജ് ശ്രീകുമാറിനാണ് വിശ്വംബരൻ നിവേദനം നൽകിയത്. വകുപ്പ് ഉന്നതർക്ക് നിവേദനം കൈമാറാമെന്ന് ഉറപ്പു കിട്ടിയതായി വിശ്വംബരൻ പറഞ്ഞു. താൻ നവകേരള സദസ്സ് നടക്കുന്ന വേദിയിലേക്കു പോകുന്നില്ലെന്നും അതിനാലാണ് തനിക്ക് പരിചയമുള്ള ബവ്‌കോ ഔട്ട്‌ലെറ്റിൽ പരാതി നൽകിയതെന്നും വിശ്വംബരൻ പറഞ്ഞു.‘‘രാജ്യത്ത് മദ്യത്തിന് ഏറ്റവും കൂടുതൽ എക്സൈസ് തീരുവ ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഞങ്ങൾ സർക്കാരിനെ സേവിക്കുന്നവരാണ്, മദ്യവും ലോട്ടറിയും വാങ്ങുന്നവരാണ്. ഞാൻ 18 വയസ്സ് മുതൽ ലോട്ടറി ടിക്കറ്റ് വാങ്ങുന്നുണ്ട്. ഇപ്പോൾ എനിക്ക് 51 വയസ്സായി. അതിനാൽ മദ്യത്തിനായി ചെലവഴിക്കുന്ന രൂപയെങ്കിലും കുറച്ചു തരണം.’’– വിശ്വംബരൻ കൂട്ടിച്ചേർത്തു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!