കോഴിക്കോട് : രാത്രികാലങ്ങളിൽ യാത്രക്കാരുടെ ബാഗും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിക്കുന്ന മാവൂർ പാറമ്മൽ സ്വദേശി ലക്കിടി ബൈജു എന്ന പി.പി.ബിജു (46) പൊലീസ് പിടിയിലായി. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണത്തിനു ശേഷം രക്ഷപ്പെട്ട പ്രതി വീണ്ടും കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയപ്പോൾ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സെപ്റ്റംബറിൽ കോഴിക്കോട്ടെ സ്വകാര്യ ബാങ്കിലെ ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.ഇദ്ദേഹത്തിൽനിന്നു ലാപ്ടോപ് അടങ്ങിയ ബാഗും, മൊബൈൽ ഫോണും പേഴ്സും പ്രതി മോഷ്ടിച്ചു.കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ദീർഘദൂര യാത്രകഴിഞ്ഞ് വന്നിറങ്ങുന്ന യാത്രക്കാർ വിശ്രമിക്കുന്ന സമയങ്ങളിൽ ബാഗും ഫോണുകളും ഉൾപ്പെടെയുള്ള വിലകൂടിയ വസ്തുക്കൾ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.പൊലീസിന്റെ ഇടപെടൽ മൂലം നിലവിൽ ബസ് സ്റ്റാൻഡിൽ യാത്രക്കാരല്ലാത്ത ആരെയും രാത്രി കാലങ്ങളിൽ ഇരിക്കാനോ കിടന്ന് ഉറങ്ങാനോ സമ്മതിക്കാറില്ല. ഇവിടങ്ങളിലെ രാത്രികാല പരിശോധന കർശനമാക്കിയിട്ടുണ്ട്. നടക്കാവ് ഇൻസ്പെക്ടർ പി.കെ ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സബ് ഇൻസ്‌പെക്ടർമാരായ എൻ.ലീല, ബാബു പുതുശ്ശേരി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി.ശ്രീകാന്ത്, സി.കെ.ബൈജു, കെ. ജയേഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് കോഴിക്കോട് ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!