തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്. എലിപ്പനി, സാധ്യതയുള്ളതിനാൽ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവിഭാഗം നിർദ്ദേശിച്ചു. തിരുവനന്തപുരം ജില്ലയില്‍ മഴ തുടരുന്നതിനാൽ എലിപ്പനി സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവിഭാഗത്തിന്റെ നിര്‍ദ്ദേശം. കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ കളിക്കുകയോ കുളിക്കുകയോ കൈ കാലുകളും മുഖവും കഴുകുകയോ ചെയ്യരുത്. പൂച്ച, പട്ടി,എലി, മുയല്‍,അണ്ണാന്‍, കന്നുകാലികള്‍ തുടങ്ങിയവയുടെ വിസര്‍ജ്യങ്ങള്‍ കലര്‍ന്ന ജലവുമായി സമ്പര്‍ക്കം ഉണ്ടാകരുത്.രോഗാണു കലര്‍ന്ന ആഹാരവും വെള്ളവും ഉപയോഗിക്കുന്നതും രോഗ കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കണ്ണിന് ചുവപ്പ് നിറം, പനി, മൂത്രത്തിന്റെ അളവ് കുറഞ്ഞു കടുത്ത നിറം, തലവേദന, കാലുകളിലെ പേശികളില്‍ വേദന, എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. കൂടാതെ പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി സംശയിക്കാം. മലിനമായ മണ്ണുമായും കെട്ടിക്കിടക്കുന്ന വെള്ളവുമായും സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കാണ് രോഗസാധ്യത കൂടുതല്‍. രോഗസാധ്യത കൂടിയ ഇടങ്ങളില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്ക് പനി അനുഭവപ്പെട്ടാല്‍ ഉടനടി ചികിത്സ തേടണമെന്നും അസുഖ വിവരം അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്നും ആരോഗ്യവിഭാഗം അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, ദുരിതമനുഭവിക്കുന്നവര്‍, മൃഗങ്ങളെ പരിപാലിക്കുന്നവര്‍, തുടങ്ങിയവര്‍ നിര്‍ബന്ധമായും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്നും നിർദ്ദേശമുണ്ട്. ഡോക്‌സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍നിന്ന് സൗജന്യമായി ലഭിക്കുന്നതാണ്. കട്ടികൂടിയ റബ്ബര്‍ കാലുറകളും, കയ്യുറകളും ധരിച്ച് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താം. കൈകാലുകളില്‍ മുറിവുള്ളവര്‍ മുറിവുകള്‍ ഉണങ്ങുന്നത് വരെ ഇത്തരം ജോലികള്‍ ചെയ്യരുത്.ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങിയ കൊതുകു ജന്യരോഗങ്ങള്‍ക്കും സാധ്യതയുണ്ട്. കണ്ണിനുപുറകില്‍ വേദന, പേശിവേദന, പനിയോടൊപ്പം തലവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങളാണ് ആരോഗ്യ വിഭാഗം പറയുന്നത്. ശരീരത്തില്‍ ചുവന്നുതടിച്ച പാടുകളും ഉണ്ടാകാം. സ്വയംചികിത്സ അപകടമാണ്. രോഗലക്ഷണങ്ങളുളളവര്‍ തൊട്ടടുത്ത ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ എസ് ഷിനു അറിയിച്ചു. കെട്ടി നില്‍ക്കുന്ന വെള്ളം നിര്‍ബന്ധമായും ഒവിവാക്കി അവിടം വൃത്തിയാക്കണം. ഫ്രിഡ്ജുകളുടെ ട്രേ, സണ്‍ഷേയ്ഡ്, ഉപയോഗിക്കാത്ത ടാങ്കുകള്‍, പ്ലാസ്റ്റിക്ക് ഷീറ്റുകള്‍, തുടങ്ങിയവയിലുള്ള വെള്ളവും ആഴ്‌ച്ചയിലൊരിക്കല്‍ മാറ്റണം. മണിപ്ലാന്റ് മുതലായ അലങ്കാര ചെടികള്‍ വച്ചിരിക്കുന്ന പാത്രങ്ങളിലെ വെള്ളവും മാറ്റണം. ബോട്ടുകളിലും ബോട്ടുകളില്‍ സ്ഥാപിച്ചിട്ടുള്ള ടയറുകള്‍, ടാങ്കുകള്‍ എന്നിവയിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരാൻ ഇടയാകുന്നതാണ്. വീടിന്റെയും സ്ഥാപനങ്ങളുടെയും പരിസരത്ത് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍, കുപ്പികള്‍, ചിരട്ടകള്‍, മത്സ്യബന്ധന ബോട്ടുകളില്‍ മൂടിയില്ലാത്ത ജലസംഭരണികള്‍, വശങ്ങളില്‍ കെട്ടിയിരിക്കുന്ന ടയറുകള്‍, എന്നിവയില്‍ മഴയ്‌ക്കു ശേഷം വെള്ളം കെട്ടിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.ജലജന്യരോഗങ്ങള്‍: എലിപ്പനി, ഡെങ്കിപ്പനി രോഗങ്ങൾക്കൊപ്പം തന്നെ വയറിളക്കരോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ്- എ തുടങ്ങിയ ജലജന്യരോഗങ്ങള്‍ക്കുള്ള സാധ്യതയുമുണ്ട്. മുന്‍കരുതലായി ശുചിത്വം പാലിക്കണമെന്നണ് നിർദ്ദേശം. പനി, തലവേദന, ഛര്‍ദ്ദി, ക്ഷീണം, മനംപിരട്ടല്‍ എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ രോഗലക്ഷണങ്ങള്‍. വയറിളക്കരോഗലക്ഷണങ്ങള്‍ക്ക് തുടക്കത്തില്‍ത്തന്നെ പാനീയ ചികിത്സ വേണം. ഇത്തരത്തിലുള്ള രോഗികള്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കി വീട്ടില്‍ വിശ്രമിക്കണം.