ന്യൂഡല്‍ഹി: ഇസ്രയേല്‍ പലസ്തീന്‍ സംഘർഷം നടക്കുന്ന സാഹചര്യത്തിൽ വിഷയത്തെപ്പറ്റിയുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിലപാട് അത്യധികം നിരാശാജനകമാണെന്ന് എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ഇങ്ങനെയായിരുന്നില്ല ഇന്ത്യയുടെ ശൈലിയും നിലപാടും. പണ്ടുമുതലേ ഇന്ത്യ പലസ്തീനൊപ്പമാണ്. ഇന്ത്യയുടെ അഴകൊഴമ്പന്‍ നിലപാടില്‍ ലോകരാജ്യങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാകുമെന്നും കെ.സി.വേണുഗോപാല്‍ ഫെയസ്ബുക്കിലൂടെ വ്യക്തമാക്കി.‘നിത്യേനയെന്നോണം നൂറുകണക്കിനു പേര്‍ കൊല്ലപ്പെടുമ്പോഴും അതിനെതിരെ വഴിപാടെന്നോണം അനുശോചിച്ചു കൈകഴുകുകയാണു കേന്ദ്ര സര്‍ക്കാര്‍. ഇങ്ങനെയായിരുന്നില്ല ഇന്ത്യയുടെ ശൈലിയും നിലപാടും. പണ്ടുമുതലേ ഇന്ത്യ പലസ്തീനൊപ്പമാണ്. ആ ജനതയുടെ അവകാശ പോരാട്ടങ്ങള്‍ക്ക് ഇന്ത്യ പിന്തുണ അറിയിച്ചിട്ടുമുണ്ട്. എന്നാല്‍ ഇസ്രയേലോ പലസ്തീനോ ഏതു ഭാഗത്തു നിന്നു ആക്രമണമുണ്ടായാലും ഇന്ത്യ അതിനെ അതിശക്തമായ അപലപിച്ചിരുന്നു. കൃത്യമായ, ഗൗരവമാര്‍ന്ന ഇടപെടലുകള്‍ നടത്തി സമാധാനം നിലനിര്‍ത്താന്‍ ആവുന്നതൊക്കെ ഈ മഹാരാജ്യം ചെയ്തിരുന്നു.ഇന്ത്യ എന്ന വലിയ ജനാധിപത്യ രാജ്യത്തിന്റെ നിലപാടുകളുടെ ശക്തി ലോകം ഇങ്ങനെ പലകുറി കണ്ടിട്ടുമുണ്ടെന്നതു ചരിത്രം. നിര്‍ഭാഗ്യവശാല്‍, ഇപ്പോഴത്തെ ഇസ്രയേല്‍ പലസ്തീന്‍ ആക്രമണ പ്രത്യാക്രമണങ്ങളോടു ഇന്ത്യ സ്വീകരിക്കുന്ന നിലപാട് യുദ്ധം അവസാനിപ്പിക്കാന്‍ ഒട്ടും പര്യാപ്തവുമല്ല. ഇന്ത്യയുടെ നിലപാടുകളെ അങ്ങേയറ്റം ഗൗരവത്തോടെ വീക്ഷിക്കുന്ന ലോകരാജ്യങ്ങളും ഇപ്പോഴത്തെ ഈ അഴകൊഴമ്പന്‍ നിലപാട് കണ്ടു അത്ഭുതം കൂറുകയാവും.