തിരുവനന്തപുരം : ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ കേസിൽ വീണ്ടും മലക്കം മറിഞ്ഞ് പരാതിക്കാരൻ ഹരിദാസ്. അഖിൽ സജീവ് തന്നെ നേരിൽ വന്ന് കണ്ടുവെന്ന മൊഴിയാണ് ഇപ്പോൾ തിരുത്തിയത്. ഈ വർഷം മാർച്ച് 10ന് നിയമനം ശരിയാക്കാമെന്നാവശ്യപ്പട്ട് അഖിൽ സജീവൻ നേരിട്ട് വീട്ടിൽ വന്നുവെന്നായിരുന്നു ഹരിദാസൻ ആദ്യം പൊലീസിന് നൽകിയ മൊഴി.എന്നാൽ ഇന്നേവരെ അഖിൽ സജീവനെ നേരിട്ട് കണ്ടിട്ടില്ലെന്നാണ് തിരുത്തി മൊഴി നൽകിയത്. നിയമന കോഴ കേസിലെ പ്രതികളെല്ലാം മയക്കുമരുന്നിന് അടിമകളാണെന്നും അഖിൽ സജീവിനെ കൊണ്ട് ബാസിത്തും റഹീസും ലെനിനും ചേർന്നാണ് ഫോൺ വിളിപ്പിച്ചതെന്നും ലെനിന്റെ അക്കൗണ്ടിലേക്ക് പണം ഇടാൻ നിർദ്ദേശിച്ചതും ബാസിത്താണെന്നും പൊലീസും പറയുന്നു. പ്രതികളെല്ലാം മയക്കുമരുന്നിന് അടിമകളാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമനക്കോഴ കേസിലെ മുഖ്യ ആസൂത്രകൻ ബാസിത്തിനെയും കോഴ ആരോപണം ഉന്നയിച്ച ഹരിദാസനെയും ഇന്ന് ഒരുമിച്ച് ചോദ്യം ചെയ്യും. ഇന്നലെ മഞ്ചേരിയിൽ അറസ്റ്റിലായ ബാസിത്തിനെ ഇന്ന് കന്റോവ്മെൻ്റ് സ്റ്റേഷനിലെത്തിക്കും.ഡോക്ടർ നിയമനത്തിനായി ഒരു ലക്ഷം കോഴ വാങ്ങിയത് ബാസിത്താണെന്നും, മന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചത് ബാസിത്ത് ഭീഷണിപ്പെടുത്തിയതുകൊണ്ടാണെന്നുമാണ് ഹരിദാസന്റെ മൊഴി.