ആഗ്ര: രസഗുള തീർന്നുപോയതിനെ ചൊല്ലി വിവാഹ വിരുന്നിൽ കൂട്ടത്തല്ല്. ആഗ്രയിലെ എത്മദ്പുരിലാണ് സംഭവം. വധുവിന്റെയും വരന്റെയും ബന്ധുക്കൾ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ കുത്തേറ്റ യുവാവ് മരിച്ചു. അഞ്ചു പേർക്കു പരിക്കേറ്റു.മൊഹല്ല ഷെയ്ഖാൻ സ്വദേശി ഉസ്മാന്റെ മകളുടെ വിവാഹ ചടങ്ങിനിടെയാണ് സംഭവം. വിരുന്നിൽ വിതരണം ചെയ്ത രസഗുള തീർന്നുപോയതിനെച്ചൊല്ലിയുള്ള തർക്കമാണ് കൂട്ടത്തല്ലിൽ എത്തിയത്. കുത്തേറ്റ് വീണ ഇരുപത്തിരണ്ടുകാരനായ സണ്ണിയെ ആഗ്രയിലെ സരോജിനി നായിഡു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പരുക്കേറ്റവർ എത്മദ്പുരിലെ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.