കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവ് ചാടിയ ലഹരിക്കേസിലെ പ്രതി കൊയ്യോട് സ്വദേശി ഹർഷാദ് പിടിയിൽ. തമിഴ്നാട്ടിലെ ശിവഗംഗയിൽ നിന്നാണ് ഹർഷാദിനെ പിടികൂടിയത്. കഴിഞ്ഞമാസം 14 ന് ഇയാൾ സുഹൃത്തിനൊപ്പം ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. പത്രമെടുക്കാനായി വന്ന ഹർഷാദ് ജയിലിൻ്റെ ഗേറ്റ് തുറന്ന് പോലീസ് നോക്കി നിൽക്കെ പുറത്ത് കാത്തുനിന്ന് സുഹൃത്തുമായി കടന്നു കളയുകയായിരുന്നു. ലഹരി കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ആളാണ് ഹർഷാദ്. ജയിൽ ചാടാൻ സഹായിച്ച സുഹൃത്ത് റിസ്വാൻ കഴിഞ്ഞയാഴ്ച കീഴടങ്ങിയിരുന്നു.കോയ്യോട് സ്വദേശിയായ ഹർഷാദിന്റേത് ആസൂത്രിത ജയിൽ ചാട്ടമാണെന്ന് ജയിൽ അധികൃതർ കണ്ടെത്തിയിരുന്നു. എല്ലാ ദിവസവും രാവിലെ പത്രക്കെട്ട് എടുത്തിരുന്നത് ഹർഷാദായിരുന്നു. ജയിലിലെ വെൽഫയർ ഓഫീസിൽ ജോലിയായിരുന്നു ഹർഷാദിന്. ഇതിന്റെ മറവിലാണ് പ്രതി ജയിൽചാടുന്നതിനുള്ള ആസൂത്രണം നടത്തിയത്. മയക്കുമരുന്ന് കേസിൽ 10 വർഷം തടവിനാണ് ഹർഷാദ് ശിക്ഷിക്കപ്പെട്ടത്. കണ്ണവം പൊലീസ് എടുത്ത കേസിൽ 2023 സെപ്റ്റംബർ മുതൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ഹർഷാദ്. അതിനിടയിലാണ് അതിവിദഗ്ധമായി ജയിൽ ചാടി പോയത്.