ആലുവ: സുഗന്ധദ്രവ്യ വസ്തുക്കളുടെ മറവില്‍ ലഹരി വിൽപ്പന നടത്തിയ അതിഥി തൊഴിലാളി പിടിയില്‍. ഒഡീഷ കാന്‍ന്ദമാല്‍ സ്വദേശി സൂര്യ മാലിക്ക് (ഛോട്ടൂ 29) എന്നയാളെ പിടികൂടി. രഹസ്യ വിവരം ലഭിച്ച എക്‌സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പോളിത്തീന്‍ കവറുകളില്‍ പാക്ക് ചെയ്ത് ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. രണ്ട് കിലോ കഞ്ചാവാണ് പ്രതിയിൽ നിന്നും പിടികൂടിയത്.അതിഥി തൊഴിലാളിയായ ഒരാള്‍ സുഗന്ധദ്രവ്യ വസ്തുക്കളുടെ മറവില്‍ കഞ്ചാവ് കടത്തുന്നു എന്ന രഹസ്യ വിവരം എക്‌സൈസ് എന്‍ഫോസ്‌മെന്റ് സ്‌ക്വാഡ് തലവന്‍ അസി. കമ്മീഷണര്‍ ടി.അനികുമാറിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘവും എക്‌സൈസ് ഇന്റലിജന്‍സും ആലുവ എക്‌സൈസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ആലുവ റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം സുരേഷ്, ഐബി പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി അജിത്ത്കുമാര്‍, സിറ്റി മെട്രോ ഷാഡോ പ്രിവന്റീവ് ഓഫീസര്‍ എന്‍.ഡി ടോമി, മൂന്നാര്‍ സര്‍ക്കിള്‍ സിഇഒ കെ.എന്‍ സിജുമോന്‍, ആലുവ റേഞ്ച് പ്രിവന്റീവ് ഓഫീസര്‍മാരായ ടി.പി പോള്‍, സി.എന്‍ രാജേഷ്, സിഇഒമാരായ ഒ.എസ്. ജഗദീഷ്, എം.ടി.ശ്രീജിത്ത് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.കഴിഞ്ഞദിവസം എറണാകുളത്ത് നിന്നും കഞ്ചാവുമായി അതിഥി തൊഴിലാളിയെ പിടികൂടിയിരുന്നു. പശ്ചിമ ബംഗാള്‍ മൂര്‍ഷിതബാദ് സ്വദേശി അബൂബക്കര്‍ ആണ് അറസ്റ്റില്‍ ആയത്. ഇയാളില്‍ നിന്ന് 1.434 കിലോഗ്രാം കഞ്ചാവ് പിടികൂടി. പെരുമ്പാവൂര്‍ ഭാഗത്ത് അതിഥി തൊഴിലാളികള്‍ക്ക് ഇയാള്‍ വന്‍തോതില്‍ ലഹരി വില്‍്പന നടത്തുന്നുണ്ടെന്ന് എക്‌സൈസ് ഐ.ബി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു റെയ്ഡ്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ കെ.പി പ്രമോദും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഒ. എന്‍ അജയകുമാര്‍, എക്‌സൈസ് കമ്മീഷണറുടെ മധ്യമേഖല സ്‌ക്വാഡ് അംഗം എംടി ഹാരിസ്, പ്രിവന്റീവ് ഓഫീസര്‍മാരായ ജിനേഷ് കുമാര്‍, ജയദേവന്‍, ശ്രീകുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ മേഘ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.