തിരുവനന്തപുരം: പെൺസുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ചതിനെ തുടർന്ന് യുവാവ് മരിച്ച സംഭവം ആസൂത്രിതകൊലപാതകമെന്ന് കുടുംബം. അന്ധവിശ്വാസത്തെ തുടർന്ന് ആസിഡ് കലർത്തിയ വെള്ളം നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം.ഷാരോണും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. ഇരുവരും നേരത്തെ വെട്ടുകാട് പള്ളിയിൽ വെച്ച് താലികെട്ടിയിരുന്നു. തുടർന്ന് സ്വന്തം വീടുകളിലാണ് ഇവർ കഴിഞ്ഞിരുന്നത്. പിന്നീട് കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു സൈനികനുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചു. സെപ്തംബറിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാലിത് നവംബറിലേ നടക്കൂവെന്നായിരുന്നു പെൺകുട്ടി പറഞ്ഞതെന്നുമാണ് ഷാരോണിന്റെ കുടുംബം ആരോപിക്കുന്നത്.പെൺകുട്ടിയെ ആദ്യം വിവാഹം കഴിക്കുന്നയാൾ മരിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും അതിലാണ് ഷാരോണിനെ കൊണ്ട് നിർബന്ധിച്ച് താലി കെട്ടിച്ചതെന്നും കുടുംബം ആരോപിക്കുന്നു. പിന്നീടാണ് സൈനികനുമായുള്ള വിവാഹം നിശ്ചയിച്ചത്.ചൊവ്വാഴ്ചയാണ് പാറശ്ശാല മുര്യങ്കര കുഴിവിള സ്വദേശിയും ബിഎസ്‍സി അവസാനവര്‍ഷ വിദ്യാര്‍ത്ഥിയുമായ ഷാരോൺ രാജ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം 14ന് തമിഴ്നാട് രാമവര്‍മ്മൻചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയപ്പോൾ നൽകിയ ജ്യൂസ് കുടിച്ച ശേഷം നിരവധി തവണ ഛർദ്ദിച്ച് അവശനായെന്നും ഇതാണ് മരണകാരണമെന്നുമാണ് കുടുംബത്തിന്‍റെ പരാതി.റെക്കോർഡ് ബുക്കുകൾ ഉൾപ്പെടെ ഈ പെൺകുട്ടി എഴുതി ഷാരോൺ രാജിനെ സഹായിക്കുക പതിവായിരുന്നു. കഴിഞ്ഞ പതിനേഴാം തീയതി പെൺകുട്ടിയുടെ നിർദ്ദേശപ്രകാരം ഷാരോൺ സുഹൃത്തിനൊപ്പം പെൺകുട്ടിയുടെ വീട്ടിൽ റെക്കോർഡ് ബുക്കുകൾ തിരികെ വാങ്ങാൻ പോയിരുന്നു. സുഹൃത്തിനൊപ്പമാണ് ഷാരോൺ കാമുകിയുടെ വീട്ടിലെത്തിയത്. കാമുകി മാത്രമായിരുന്നു അപ്പോൾ വീട്ടിൽ. ചികിത്സയുടെ ഭാഗമായി കാമുകി കൈപ്പുള്ള കഷായം കുടിക്കുന്നതിനെ കളിയാക്കിയപ്പോൾ ഷാരോണിന് കഷായം കുടിയ്ക്കാൻ നൽകി. കൈയ്ക്കുന്നുവെന്ന് പറഞ്ഞപ്പോൾ കൈപ്പ് മാറ്റാനാണ് ജ്യൂസ് നൽകിയത്. ഈ വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ തന്നെ ഷാരോൺ ഛർദ്ദിക്കുന്നുണ്ടായിരുന്നുവെന്ന് സുഹൃത്ത് പറയുന്നു.തുടർന്ന് പാറശാല ജനറൽ ആശുപത്രിയിലും, തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സ തേടി. ആന്തരിക അവയവങ്ങൾ ഉൾപ്പെടെ തകരാറിലായ ഷാരോണിന്റെ നില ഗുരുതരമായതിനെ തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മകന് പെൺകുട്ടി വിഷം നൽകിയത് ആണെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷിച്ച് നീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഷാരോണിന്റെ അച്ഛൻ ജയരാജ് പാറശാല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.അവശനായ ഷാരോൺ രാജിനെ വാഹനത്തിൽ കയറ്റി റെജിൻ മുര്യങ്കരയിലെ വീട്ടിൽ എത്തിച്ചു. ഉച്ചയ്ക്ക് ശേഷം ഷാരോണിന്റെ അമ്മ വീട്ടിൽ എത്തിയപ്പോൾ ഷാരോൺ രാജ്, ഛർദിച്ച് അവശനിലയിൽ ആയിരുന്നു. തുടർന്ന് ഷാരോണിനെ ഉടനെ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് അയച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ കാര്യമായ പ്രശ്‌നങ്ങൾ കണ്ടെത്താത്തതിനാൽ രാത്രിയോടെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.തൊട്ടടുത്ത ദിവസം വായ്ക്കുള്ളിൽ വ്രണങ്ങൾ രൂപപ്പെട്ട് വെള്ളം പോലും കുടിക്കാൻ കഴിയാത്ത സ്ഥിതിയിലായി. ഇഎൻടിയെ കാണിച്ചെങ്കിലും കുറിച്ച് നൽകിയ മരുന്ന് പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് ഷാരോണിന്റെ നില ഗുരുതരമായി. 17 -ന് വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ വൃക്കകളുടെ പ്രവർത്തനം കുറയുന്നതായി കണ്ടെത്തി. പിന്നീട് പല ആന്തരികാവയവങ്ങളുടെയും പ്രവർത്തനം മോശമായി തുടങ്ങി. ഒൻപത് ദിവസത്തിനുള്ളിൽ മൂന്ന് തവണ ഡയാലിസിസിന് വിധേയമാക്കി. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.മജിസ്‌ട്രേട്ട് ആശുപത്രിയിൽ എത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഒരു വർഷമായി പരിചയമുള്ള പെൺകുട്ടിയുടെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കുടിച്ചതായി യുവാവ് ബന്ധുക്കളെ അറിയിച്ചിരുന്നു. ആസിഡ് പോലുള്ള എന്തോ അകത്ത് ചെന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ആന്തരീകാവയവങ്ങൾ ദ്രവിച്ച് പോയതായും വെന്റിലേറ്ററിലിരിക്കെ ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണമെന്നും ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു.പെൺകുട്ടി വിളിച്ചതിനെ തുടർന്നാണ് ഷാരോൺരാജ് പെൺകുട്ടിയുടെ വീട്ടിലേക്ക് പോയതെന്നും സൂചനകൾ ഉണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂ. ഷാരോൺ നീല നിറത്തിലുള്ള എന്തോ ദ്രാവകമാണ് ഛർദ്ദിച്ചിരുന്നതെന്നാണ് ജ്യേഷ്ഠൻ ഷിംനോ പറയുന്നത്. ഷാരോണും യുവതിയും പ്രണയത്തിലായിരുന്നെന്നും ഇയാൾ പറഞ്ഞു. ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പാറശാല പൊലീസിന് പരാതി നൽകി.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കരളിനും വൃക്കയ്ക്കുമുണ്ടായ തകരാറാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അസ്വാഭാവികമായി ഒന്നും ഉള്ളിൽ ചെന്നതായുള്ള സൂചനകളില്ല. കൂടുതൽ പരിശോധനയ്ക്ക് സാന്പിൾ ലാബിലേക്ക് അയച്ചു. ഇതിന്‍റെ ഫലം വന്നശേഷം അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!