തൃശൂർ: സ്വർണാഭരണ നിർമാണ സ്ഥാപനത്തിൽ നിന്നും ജ്വല്ലറികളിലേക്ക് വിതരണത്തിനായി കൊണ്ടുപോയ 3.5 കിഗ്രാം സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ ഏഴുപേർ അറസ്റ്റിലായി. ഒന്നാം പ്രതി അന്തിക്കാട് പടിയം വന്നേനിമുക്ക് കണ്ണമ്പുഴ വീട്ടിൽ ബ്രോൺസൺ (33), തൊട്ടിപ്പാൾ തൊട്ടാപ്പിൽ മടപ്പുറം റോഡ് പുള്ളംപ്ലാവിൽ വിനിൽ വിജയൻ (23), മണലൂർ കാഞ്ഞാണി മോങ്ങാടി വീട്ടിൽ അരുൺ (29), അരിമ്പൂർ മനക്കൊടി കോലോത്തുപറമ്പിൽ നിധിൻ, മണലൂർ കാഞ്ഞാണി പ്ലാക്കൽ മിഥുൻ (23), കാഞ്ഞാണി ചാട്ടുപുരക്കൽ വിവേക് (23), ഒളരി ബംഗ്ലാവ് റോഡ് കൊച്ചത്ത് വീട്ടിൽ രാജേഷ് (42) ചാലക്കുടി കുറ്റിച്ചിറ മൂത്തേടത്ത് സുമേഷ് (38) എന്നിവരാണ് പിടിയിലായത്. തൃശൂർ ടൌൺ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സി അലവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.കേസിലെ പ്രധാന സൂത്രധാരൻമാരായ രണ്ടാം പ്രതി നിഖിൽ, മൂന്നാം പ്രതി ജിഫിൻ എന്നിവരെയും ഇവർക്ക് സഹായങ്ങൾ ചെയ്തുകൊടുത്തവരും കണ്ടാലറിയാവുന്നവരുമായ മറ്റ് നാല് പേരെയും കൂടി പിടികൂടാനുണ്ട്. സെപ്തംബർ 8ന് രാത്രി 11 മണിക്ക് ശേഷം തൃശൂർ റയിൽവെ സ്റ്റേഷന് സമീപം കൊക്കാലെയിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. കൊക്കാലെയിലെ സ്വർണാഭരണ നിർമാണ സ്ഥാപനത്തിൽ നിന്നും മാർത്താണ്ഡം ഭാഗത്തെ സ്വർണാഭരണ വിൽപ്പനശാലകളിലേക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുപോയ 1.80 കോടി രൂപ വിലവരുന്ന 3152 ഗ്രാം തൂക്കമുള്ള സ്വർണാഭരണങ്ങളാണ് പ്രതികൾ കവർച്ച ചെയ്തത്.അറസ്റ്റിലായ ബ്രോൺസൺ മുൻപ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. കമ്മീഷൻ വ്യവസ്ഥയിൽ ഇയാളായിരുന്നു സ്വർണാഭരണങ്ങൾ വിതരണം ചെയ്തിരുന്നത്. ഈയിനത്തിൽ 15 ലക്ഷം രൂപയോളം സ്ഥാപനത്തിൽ നിന്നും ബ്രോൺസണ് ലഭിക്കാനുണ്ടെന്ന് പറയുന്നു. ചില പ്രശ്‌നങ്ങൾ മൂലം ഇയാളെ ജോലിയിൽ നിന്നും ഒഴിവാക്കിയിരുന്നു. പണം ലഭിക്കാത്തതിലുള്ള വൈരാഗ്യത്തിലാണ് ബ്രോൺസൺ നിഖിൽ, ജെഫിൻ എന്നിവരുമായി ചേർന്ന് സ്വർണം തട്ടിയെടുക്കുന്നതിന് പദ്ധതി തയ്യാറാക്കിയത്.സ്വർണാഭരണങ്ങൾ ഏതെല്ലാം ദിവസങ്ങളിൽ, ഏതെല്ലാം സമയത്താണ് കൊണ്ടുപോയിരുന്നത് എന്ന് ബ്രോൺസണ് അറിയാമായിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികൾ പ്ലാൻ തയ്യാറാക്കിയത്. പ്രതികൾ കുറ്റകൃത്യത്തിന് ഉപയോഗിച്ച അഞ്ച് വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.പ്രധാന പ്രതികളായ നിഖിൽ, ജെഫിൻ എന്നിവരെ അറസ്റ്റ് ചെയ്യാനും കവർച്ച ചെയ്യപ്പെട്ട സ്വർണാഭരണങ്ങൾ കണ്ടെടുക്കാനുമുള്ള ശ്രമത്തിലാണ് പൊലീസ്. ഇപ്പോൾ അറസ്റ്റിലായ പ്രതികളിൽ ഒരാളായ സുമേഷ് ചാലക്കുടി എക്‌സൈസ് രജിസ്റ്റർ ചെയ്ത അബ്കാരി കേസിലെ പ്രതിയാണ്. ആറാം പ്രതി നിധിൻ പുതുക്കാട് കൊലപാതക കേസിലും ഒമ്പതാം പ്രതി രാജേഷ് ടൌൺ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കവർച്ച കേസിലും പ്രതികളാണ്. രണ്ടും മൂന്നും പ്രതികൾക്കുവേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി ഈസ്റ്റ് ഇൻസ്‌പെക്ടർ അറിയിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!