തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിലെ വിവാദ ഉത്തരവ് പിൻവലിച്ചു. ഗസ്റ്റ് അധ്യാപകരായി 70 വയസു വരെയുള്ള വിരമിച്ചവരെയും പരിഗണിക്കാമെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാണ് പിൻവലിച്ചത്. ഈ മാസം ഒൻപതാം തീയതിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ ഭരണപക്ഷത്ത് നിന്നടക്കം വിമർശനം ഉയർന്നതോയാണ് തീരുമാനം.ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു. ഉത്തരവ് യുവജന വിരുദ്ധമാണെന്നും ഉടൻ പിൻവലിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.ഉന്നത വിദ്യാഭ്യാസം നേടി തൊഴിലിനായി പതിനായിരക്കണക്കിന് ഉദ്യോഗർത്ഥികൾ കാത്തുനിൽക്കുമ്പോഴാണ് വിരമിച്ച അധ്യാപകരെ തന്നെ ഗസ്റ്റ് അധ്യാപകരായി നിയമിക്കാൻ പറയുന്നത്. ഇത് യുവജനങ്ങളിൽ താൽക്കാലിക തൊഴിൽ എന്ന പ്രതീക്ഷയെ പോലും ഇല്ലാതാക്കുന്നതാണെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു.