കോഴിക്കോട്: കൽപന്തുകളി എന്ന് പറയുന്നത് മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ലോകകപ്പ് ഫുട്ബോൾ കഴിഞ്ഞപ്പോൾ ഒരു ഉത്സവം കൊടിയിറങ്ങിയ പ്രതീതി ആയിരുന്നു കേരളത്തിൽ. ലോകകപ്പിൽ പന്തുരുട്ടിയ എല്ലാ ടീമുകൾക്കും കേരളത്തിൽ ഫാൻസ്‌ ഉണ്ട്. അതിൽ കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ഉണ്ടാകും.തങ്ങളുടെ ടീമിന്റെ ഫ്ലക്സ് ബോർഡുകളും കട്ട് ഔട്ടുകളും വെയ്ക്കുന്നതും മലയാളികളുടെ ഒരു ശീലം തന്നെയാണ്. എല്ലാ ടീമുകൾക്കും ഫാൻസ്‌ ഉണ്ടെങ്കിലും എപ്പോഴും ഒരു മത്സരം നിലനിൽക്കുന്നത് ബ്രസീലും അർജന്റീനയും തമ്മിലാകും. ഇപ്പോഴിതാ ഉത്തരക്കടലാസിലും ഇഷ്ട ടീം കയറിക്കൂടിയിരിക്കുന്നു. നാലാം ക്ലാസ് മലയാളം വാർഷികപ്പരീക്ഷയിലാണ് മെസിയുടെ ജീവചരിത്രം തയ്യാറാക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇതിന് ഉത്തരമായി ഒരു വിദ്യാർഥി രേഖപ്പെടുത്തിയതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.ഞാൻ ബ്രസീൽ ഫാനാണെന്നും എനിക്ക് നെയ്മറിനെയാണ് ഇഷ്ടമെന്നും മെസിയെ ഇഷ്ടമല്ലെന്നുമാണ് ഈ ചോദ്യത്തിന് താഴെയായി വിദ്യാർഥി എഴുതിയത്. മലപ്പുറം ജില്ലയിലെ തിരൂർ പുതുപ്പള്ളി ശാസ്ത എൽ.പി സ്‌കൂളിലെ ചോദ്യപേപ്പറാണ് പ്രചരിക്കുന്നത്. റിസ ഫാത്തിമ പി.വിയാണ് ഇങ്ങനെയൊരു ഉത്തരം നൽകിയിരിക്കുന്നത്. സത്യമെന്തെന്ന് അറിയാൻ സ്‌കൂൾ അധികൃതരെ ബന്ധപ്പെട്ടപ്പോൾ അവർ ഇക്കാര്യ സ്ഥിരീകരിച്ചു. വിദ്യാർഥി ഇങ്ങനെയൊരു ഉത്തരം എഴുതിയത് ശ്രദ്ധയിൽപെടുകയും പിന്നീടത് തിരുത്താൻ ആവശ്യപ്പെടുകയും ചെയ്‌തെന്ന് സ്‌കൂളിലെ മലയാളം നാലാം ക്ലാസ് അദ്ധ്യപകന്‍ റിഫ ഷെലീസ് വ്യക്തമാക്കി.വളരെ ഗൗരവത്തിൽതന്നെയാണ് റിസ ഉത്തരമെഴുതിയത്‌. അതേസമയം ഇതേചോദ്യത്തിന് മാത്രം നന്നായി എഴുതിയ വിദ്യാർഥികൾ ഉണ്ടെന്നും റിഫ ഷെലീസ് പറയുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് ചോദിക്കാത്തത്തിന് പരിഭവം പറഞ്ഞതായും രസകരമായ വിവരണങ്ങളാണ് വിദ്യാർഥികൾ നൽകിയതെന്നും ഷെലീസ് വ്യക്തമാക്കി. ഏതായാലും റിസ ഫാത്തിമയുടെ ഉത്തരപ്പേപ്പർ ക്ലിക്കായി. പല സ്‌പോർട്‌സ് ഗ്രൂപ്പുകളിലും റിസയുടെ ഉത്തരപ്പേപ്പർ കറങ്ങുന്നുണ്ട്. രസകരമായ കമന്റുകളിലൂടെ രംഗം കൊഴുപ്പിക്കുകയാണ് ആരാധകർ

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!