ന്യൂഡൽഹി: എല്ലാം തുടങ്ങിയത് പ്രധാനമന്ത്രിയോട് ചോദിച്ച ചോദ്യങ്ങളെ തുടർന്നെന്ന് രാഹുൽ ഗാന്ധി. എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദാനിയുടെ കമ്പനികളിൽ നിക്ഷേപം നടത്തുന്നത് ആര്.. അദാനിയും മോദിയും തമ്മിലെ ബന്ധം എന്ത്? എന്നീ ചോദ്യങ്ങളാണ് ലോക്സഭയിൽ ഉന്നയിച്ചത്. എന്നാൽ തന്റെ പ്രസ്താവനകൾ രേഖയിൽ നിന്നും നീക്കി. ഇതുകൊണ്ടൊന്നും ചോദ്യങ്ങൾ ചോദിക്കുന്നത് അവസാനിപ്പിക്കില്ലെന്ന് രാഹുൽ പറഞ്ഞു. ആരെയും ഭയക്കുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാനുളള പോരാട്ടം തുടരും. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുന്നുവെന്ന് രാഹുൽ തുറന്നടിച്ചു. സ്പീക്കറെ നേരിട്ട് കണ്ടിട്ടും തന്നെ ലോക്സഭയിൽ സംസാരിക്കാൻ തന്നെ അനുവദിച്ചില്ല. മോദിയും, അദാനിയും തമ്മിലുള്ള ദീർഘകാല ബന്ധം തുറന്ന് കാട്ടിയതാണ് ഈ പ്രശ്നങ്ങളുടെയെല്ലാം തുടക്കം. അയോഗ്യതയ്ക്കും ഭീഷണിക്കും തന്നെ നിശബ്ദനാക്കാൻ സാധിക്കില്ല.അദാനിയുടെ കമ്പനിയിൽ ആരാണ് പണം നിക്ഷേപിച്ചത് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.