കോഴിക്കോട്: കൊയിലാണ്ടിക്ക് സമീപം തീവണ്ടിയിൽ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി. സംഭവത്തിൽ തമിഴ്നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്നലെ രാത്രി മലബാർ എക്പ്രസിലാണ് സംഭവം. തീവണ്ടിയിൽ വെച്ച് ഉണ്ടായ തർക്കമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ്. സംഭവത്തിന് ശേഷം തീവണ്ടി കോഴിക്കോട് എത്തിയപ്പോൾ മറ്റ് യാത്രക്കാരാണ് പ്രതിയെ പൊലീസിന് കൈമാറിയത്. മരിച്ച യുവാവിന് 25 വയസ് പ്രായം തോന്നിക്കും.കംപാർട്ട്മെന്റിന്റെ വാതിലിനരികിൽനിന്ന് ഇരുവരും സംസാരിക്കുന്നതിന്റെ വീഡിയോദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. വാക്കേറ്റത്തിനിടയിലായിരിക്കാം യുവാവ് വണ്ടിയിൽനിന്ന് വീണതെന്നാണ് പോലീസ് കരുതുന്നത്. ഞായറാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് യുവാവ് പാളത്തിനരികിൽ വീണുകിടക്കുന്നത് പ്രദേശവാസികൾ കണ്ടത്. കൊയിലാണ്ടിയിൽനിന്ന് ഫയർ ഫോഴ്സും പോലീസുമെത്തി യുവാവിനെ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് കോഴിക്കോട് റെയിൽവേ പോലീസ് അറിയിച്ചു.