കല്‍പ്പറ്റ: വയനാട് പടിഞ്ഞാറത്തറയിലാണ് സായുധ മാവോയിസ്റ്റുകളെത്തിയത്. കൂടാതെ കാപ്പിക്കളം കുറ്റിയാം വയലിന് സമീപമുള്ള ആദിവാസി കോളനിയിൽ എത്തിയ മാവോയിസ്റ്റുകൾ വീടിനകത്ത് കയറി ഭക്ഷ്യസാധനങ്ങള്‍ കവര്‍ന്നു. തോക്കേന്തിയ ഒരു പുരുഷനും, സ്ത്രീയുമാണ് വീട്ടിൽ വന്നതെന്ന് വീട്ടമ്മയായ ഗീത പൊലീസിന് മൊഴി നല്‍കി. മാവോയിസ്റ്റുകൾ തന്നെ മർദിക്കാൻ ശ്രമിച്ചെന്നും അടുക്കളയിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങള്‍ കവര്‍ന്നതായും വീട്ടമ്മ പടിഞ്ഞാറത്തറ പൊലീസിന് നൽകിയ പരാതിയിലുണ്ട്.നാലരവയസുകാരന്‍റ വായ പൊത്തി പിടിച്ചതായും ഗീത പരാതിയില്‍ പറയുന്നുണ്ട്. ഭയം കാരണം തോക്കുധാരികളെത്തിയത് സംബന്ധിച്ച് ഞായറാഴ്ച മാത്രമാണ് ഗീത പൊലീസില്‍ അറിയിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരാതിയെ തുടര്‍ന്ന് യുഎപിഎ ചുമത്തിയും ആയുധ നിയമ പ്രകാരവും പൊലിസ് കേസെടുത്തു. സംഭവം നടന്നത് ഫെബ്രുവരി 28നായിരുന്നുവെങ്കിലും ഭയം കാരണം പുറത്തു പറയാതിരിക്കുകയായിരുന്നു. സംഭവസമയത്ത് ഗീതയുടെ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല.ഉച്ചക്ക് വീട്ടിലെത്തിയ സംഘം ഒന്നര മണിക്കൂറോളം നേരം അവിടെ ചിലവഴിച്ചതായും പറയുന്നു. സംഘത്തിന്റെ കൈയ്യില്‍ വേറെയും തോക്കുകളുണ്ടായിരുന്നുവെന്നും ഗീത പറയുന്നുണ്ട്. വയനാട് ലക്കിടി ഉപവന്‍ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ട് നാല് വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസമാണ് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യവുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.അതിനിടെ വയനാട്ടില്‍ കഞ്ചാവുമായി രണ്ടു പേരെ പൊലീസ് പിടികൂടി. . കോഴിക്കോട് കായക്കൊടി സ്വദേശി ഇ.വി നൗഫൽ, തൊട്ടിൽ പാലം സ്വദേശി നിജിൻ എന്നിവരാണ് ഇന്ന് പൊലീസിന്‍റെ പിടിയിലായത്. ഓട്ടോറിക്ഷയിലെത്തിയ യുവാക്കളെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.തൊണ്ടർനാട് മട്ടിലയത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഒരു കിലോയോളം കഞ്ചാവുമായി ഇരുവരും പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു. പുൽപ്പള്ളിയിൽ നിന്നും കഞ്ചാവ് വാങ്ങി നാട്ടിൽ ചില്ലറ വിൽപ്പന നടത്താനായി കൊണ്ടുപോയ കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!