കൊച്ചി: വിദേശത്തുള്ള കാമുകനെ തെറ്റിദ്ധരിപ്പിക്കാൻ യുവതി നടത്തിയ ‘തട്ടിക്കൊണ്ടുപോകൽ’ നാടകം പൊലീസിനെ രാത്രി മുഴുവൻ വട്ടം ചുറ്റിച്ചു. പരാതി വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞതോടെ ഇരുപത്തിനാലുകാരിയായ യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായ യുവതിയാണ് നാട്ടിലുള്ള കാമുകനുമായി രാത്രിയിൽ സംസാരിച്ചു നിന്നത് വിദേശത്തുള്ള കാമുകൻ അറിയാതിരിക്കാൻ തട്ടിക്കൊണ്ടുപോകൽ എന്ന വ്യാജപരാതി നൽകിയത്ബുധനാഴ്ച രാത്രി 11 മണിയോടെ യുവതി കേരള പൊലീസിന്റെ 112 ഹെൽപ്പ്ലൈനിലേക്ക് വിളിച്ച് സഹായം അഭ്യർത്ഥിച്ചു. വിവരം ലഭിച്ചതോടെ ചേരാനെല്ലൂർ, എളമക്കര പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി. എസ്.ഐ ഷൈനിന്റെ നേതൃത്വത്തിൽ വനിതാ പൊലീസും ഉൾപ്പെടെ അന്വേഷണം ആരംഭിച്ചു.പൊലീസ് എത്തുമ്പോൾ റെയിൽവേ പാളത്തിനടുത്തുള്ള വിജനമായ സ്ഥലത്ത് കരഞ്ഞുകൊണ്ട് നിൽക്കുകയായിരുന്നു യുവതി. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോൾ വെള്ള കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്നും, ബലംപ്രയോഗിച്ച് കാറിൽ കയറ്റിയെന്നും യുവതി മൊഴി നൽകി. പിന്നീട് താൻ ബഹളം വെച്ചതോടെ ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കി വിട്ട് സംഘം രക്ഷപ്പെട്ടുവെന്നും അവൾ പറഞ്ഞു.എന്നാൽ റെയിൽവേ ക്രോസിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ യുവതി പറഞ്ഞതുപോലുള്ള കാറിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. മറിച്ച് ഒരു യുവാവിനൊപ്പം നടന്നു പോകുന്ന ദൃശ്യം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് സംഭവം വ്യാജമാണെന്ന് വ്യക്തമാകുന്നത്.പൊലീസിന്റെ അന്വേഷണത്തിൽ, വിദേശത്തുള്ള കാമുകനുമായി യുവതിയുടെ വിവാഹനിശ്ചയം കഴിഞ്ഞിട്ടുണ്ടെന്നും, അതേസമയം നാട്ടിലുള്ള കാമുകനുമായി സംസാരിച്ച് നിൽക്കുന്നതിനിടെയാണ് വിദേശത്തുള്ള കാമുകൻ ഫോൺ ചെയ്യുകയായിരുന്നെന്നും കണ്ടെത്തി. ആരാണ് വിളിക്കുന്നതെന്ന് ഒപ്പമുണ്ടായിരുന്ന കാമുകൻ ചോദിച്ചത് വിദേശത്തെ കാമുകൻ കേട്ടതോടെ യുവതി പരിഭ്രാന്തയായി. തുടർന്നാണ് വിദേശത്തുള്ള കാമുകനെ തെറ്റിദ്ധരിപ്പിക്കാൻ തട്ടിക്കൊണ്ട് പോകൽ നാടകത്തിന് യുവതി തീരുമാനിച്ചത്. ഒപ്പമുണ്ടായിരുന്ന ആളെ തിരിച്ചയച്ച ശേഷമാണ് യുവതി ഹെൽപ്പ്ലൈനിലേക്ക് ഫോൺ ചെയ്തത്. യുവതിയുടെ മൊഴിയെ തുടർന്ന് ഇന്നലെ രാവിലെ ഇയാളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. വ്യാജ പരാതി നൽകിയതിന് പൊലീസ് ആക്ട് 117 (ഡി) പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തത്. മൂന്നു വർഷം വരെ തടവോ പിഴയോ, രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.